പാലക്കാട്: ഹോട്ടലിലെ പൊലീസ് പരിശോധന പ്രചാരണായുധമാക്കി മുന്നണികൾ. വിഷയത്തിൽ കോട്ട മൈതാനത്ത് ഇന്ന് എൽഡിഎഫ് ചർച്ച സംഘടിപ്പിക്കും. അതേസമയം പ്രതിരോധിക്കാനുള്ള പദ്ധതികൾക്കായിരിക്കും യുഡിഎഫ് രൂപം നൽകുക.
സിപിഎം നൽകിയ പരാതിയിൽ പൊലീസ് നടപടിയും ഉണ്ടായേക്കും. പരിശോധനയ്ക്കിടെ നടന്ന സംഘർഷത്തിൽ ഹോട്ടലുടമയുടെ പരാതിയിൽ പത്ത് പേർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. അതേസമയം കൽപ്പാത്തി രഥോത്സവത്തിനും ഇന്ന് കൊടിയേറും. കൽപ്പാത്തി കേന്ദ്രീകരിച്ചായിരിക്കും വരും ദിവസങ്ങളിൽ മുന്നണികളുടെ പ്രചാരണം.
കണ്ടാലറിയുന്ന 10 പേർക്കെതിരെയാണ് പാലക്കാട് സൗത്ത് പൊലീസ് കേസെടുത്തത്. റെയ്ഡ് നടക്കുന്ന സമയം ഹോട്ടലിൽ നിരവധി രാഷ്ട്രീയ പ്രവർത്തകർ തടിച്ചുകൂടിയിരുന്നു. തുടർന്നുണ്ടായ സംഘർഷത്തിൽ ഹോട്ടലിന് കേടുപാടുകൾ സംഭവിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് അധികൃതർ പരാതി നൽകിയത്. തുടർനടപടികൾ അടുത്ത ദിവസം ഉണ്ടാകുമെന്ന് പൊലീസ് അറിയിച്ചു. കള്ളപ്പണം ആരോപിച്ചായിരുന്നു കോണ്‍ഗ്രസ് നേതാക്കളുടെ മുറിയില്‍ രാത്രി പോലീസ് പരിശോധന നടത്തിയത്. എന്നാല്‍ ഒന്നും കണ്ടെത്താനായില്ല.