നല്ല നാടൻ സ്റ്റൈൽ സോയ റോസ്റ്റ് തയ്യാറാക്കിയാലോ? ചപ്പാത്തി, പൊറോട്ട എന്നിവയ്ക്കൊപ്പം കഴിക്കാനായി കിടിലൻ കോമ്പിനേഷനാണ്. തയ്യാറാക്കുന്നത് എങ്ങനെയാണെന്ന് നോക്കാം.
ആവശ്യമായ ചേരുവകൾ
- സോയചങ്ക്സ് – രണ്ട് കപ്പ്
- ചൂടുവെള്ളം
- ഉപ്പ്
മാരിനേറ്റ് ചെയ്യാനായി
- മഞ്ഞൾപൊടി -കാൽ ടീസ്പൂൺ
- മുളകുപൊടി -അര ടീസ്പൂൺ
- ഉപ്പ്
- മല്ലിപ്പൊടി -അര ടീസ്പൂൺ
- എണ്ണ -ഒരു ടേബിൾ സ്പൂൺ
- വെളിച്ചെണ്ണ -ഒരു ടേബിൾ സ്പൂൺ
മറ്റു ചേരുവകൾ
- വെളിച്ചെണ്ണ -രണ്ട് ടേബിൾസ്പൂൺ
- പെരുംജീരകം -കാൽ ടീസ്പൂൺ
- തേങ്ങാക്കൊത്ത് -കാൽ കപ്പ്
- കറിവേപ്പില
- ഇഞ്ചി -അര ഇഞ്ച്
- വെളുത്തുള്ളി 5
- പച്ചമുളക് 2
- ചെറിയ ഉള്ളി -അര കപ്പ്
- സവാള -അര കപ്പ്
- മുളകുപൊടി -അര ടീസ്പൂൺ
- മല്ലിപ്പൊടി -അര ടീസ്പൂൺ
- ഉപ്പ്
- വെള്ളം -അര കപ്പ്
- കുരുമുളകുപൊടി -അര ടീസ്പൂൺ
- ഗരംമസാല -അര ടീസ്പൂൺ
തയ്യാറാക്കുന്ന വിധം
സോയാ ചങ്ക്സ് ഒരു ബൗളിലേക്ക് എടുക്കുക. ഇതിലേക്ക് ചൂട് വെള്ളവും, ഉപ്പും ചേർത്ത് കൊടുത്തു കുറച്ചുസമയം കുതിർക്കാൻ ആയി വയ്ക്കണം. ശേഷം വെള്ളത്തിൽ നിന്ന് എടുത്ത് നന്നായി പിഴിഞ്ഞ് മാറ്റുക. ഇതിലേക്കു മാരിനേറ്റ് ചെയ്യാൻ ഉള്ള ചേരുവകൾ ചേർത്തു കൊടുത്തു നന്നായി മിക്സ് ചെയ്ത ശേഷം ഒരു സൈഡിലേക്ക് മാറ്റി വെക്കാം.
ഒരു പാൻ അടുപ്പിൽവെച്ച് വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക. ഇതിലേക്ക് പെരുംജീരകം, തേങ്ങാക്കൊത്ത്, കറിവേപ്പില, ഇഞ്ചി വെളുത്തുള്ളി, പച്ചമുളക് എന്നിവ ചേർത്തു കൊടുത്തു 2 മിനിറ്റ് വഴറ്റുക. അടുത്തതായി അരിഞ്ഞുവച്ചിരിക്കുന്ന സവാളയും ചെറിയ ഉള്ളിയും ചേർത്ത് ബ്രൗൺ നിറമാകുന്നതു വരെ വഴറ്റണം. ഇനി മസാലപ്പൊടികൾ ചേർത്ത് കൊടുക്കാം. നന്നായി മിക്സ് ചെയ്തതിനുശേഷം വെള്ളവും, മാരിനേറ്റ് ചെയ്ത സോയചങ്ക്സ് ചേർത്തു കൊടുത്തു മിക്സ് ചെയ്ത് മൂടിവെച്ച് വേവിക്കാം. അഞ്ചു മിനിറ്റിനു ശേഷം തുറന്ന് കുരുമുളകുപൊടിയും ഗരംമസാലപ്പൊടിയും ചേർത്ത് മിക്സ് ചെയ്ത് ഗ്രേവി ഡ്രൈ വരെ കുക്ക് ചെയ്ത് എടുക്കണം.