പുരികം കട്ടി കുറയുന്നതിനനുസരിച്ച് ആകൃതിയിലും വ്യത്യാസം ഉണ്ടാകുന്നു. മുഖത്തിൻ്റെ ആകൃതിയിൽ അത് സ്വാധീനം ചെലുത്തുന്നു. കട്ടിയുള്ള നല്ല ആകൃതിയിലുള്ള പുരികം തന്നെയാണ് ഏവരും ആഗ്രഹിക്കാറുള്ളത്.
തലമുടിയിൽ ഉണ്ടാകുന്നതു പോലെ തന്നെ താരനും കൊഴിച്ചിലും പുരികത്തേയും ബാധിച്ചേക്കാം. അത് തുടക്കത്തിൽ തന്നെ കണ്ടെത്തി പരിഹരിക്കണം. കട്ടിയായി പുരികം വളരുന്നതിന് ഐബ്രോ ജെൽ അല്ലെങ്കിൽ സെറം എന്നിവ ഉപയോഗിക്കാറുണ്ട്. നല്ല ആകൃതി ലഭിക്കുന്നതിന് പുരികം പ്ലക്ക് ചെയ്യുന്നത് ശീലമാക്കുന്നവരും കുറവല്ല. എന്നാൽ ഇതൊക്കെ ശാശ്വതമായ പരിഹാരമായി കാണാൻ സാധിക്കില്ല.
പുരികങ്ങളുടെ സംരക്ഷണത്തിന് പ്രകൃതി ദത്തമായ ചില വിദ്യകളുമുണ്ട്. അവ വളരെ സിംപിളായി വീട്ടിൽ തന്നെ പരീക്ഷിക്കാവുന്നവയാണ്. വെളിച്ചെണ്ണ, ഒലിവ് എണ്ണ, കാപ്പിപ്പൊടി, മൈലാഞ്ചി എന്നിങ്ങനെ നിത്യവും നമ്മൾ അടുക്കളയിൽ ഉപയോഗിക്കുന്ന പല വസ്തുക്കളും പുരികങ്ങളുടെ സംരക്ഷണത്തിന് ഉപകരിച്ചേക്കും. അവ എത്തരത്തിൽ ഉപയോഗിക്കാം എന്ന് അറിയാം.
ഇളം ചൂടുള്ള ഒലിവ് എണ്ണ പുരികത്തിൽ പുരട്ടി മസാജ് ചെയ്യാം. ഇടയ്ക്ക് അതിലേക്ക് അൽപ്പം തേൻ കൂടി ചേർത്ത് ഉപയോഗിക്കാവുന്നതാണ്. രാത്രിയിൽ ഉറങ്ങാൻ കിടക്കുന്നതിനു മുമ്പ് പുരട്ടുന്നതാണ് ഉചിതം. രാവിലെ തണുത്ത വെള്ളത്തിൽ കഴുകി കളയാം.
മങ്ങിയ നിറം ഉള്ള പുരികങ്ങൾ കറുത്തതും ഇടതൂർന്നതുമാകണം എന്ന് ആഗ്രഹിക്കുന്നുണ്ടെങ്കിൽ കോഫി ടിൻ്റ് പരീക്ഷിക്കാവുന്നതാണ്. കാപ്പിപ്പൊടി പുരികങ്ങൾക്ക് ഒരു ബ്രൗൺ നിറം നൽകുന്നു. പെട്രോളിയം ജെല്ലി, വെളിച്ചെണ്ണ, കാപ്പിപ്പൊടി എന്നിവ അൽപ്പം വീതും എടുത്ത് ഇളക്കി യോജിപ്പിക്കാം. നന്നായി ഇളക്കി യോജിപ്പിച്ച് വൃത്തിയുള്ള പാത്രത്തിലേക്ക് മാറ്റി ഒരു മണിക്കൂറെങ്കിലും ഫ്രിഡ്ജിൽ സൂക്ഷിക്കുക. ശേഷം അതിൽ നിന്ന് അൽപ്പം എടുത്ത് മൃദുവായ പുരികത്തിൽ പുരട്ടൂ. നിങ്ങൾക്ക് ആവശ്യമായ നിറം ലഭ്യമാകുന്നതു വരെ ആഴ്ചയിൽ ഒന്നിലധികം തവണ ചെയ്യാവുന്നതാണ്.