പ്രായം മങ്ങലേൽപ്പിക്കാത്ത സൗന്ദര്യത്തിന് മികച്ച ഉദാഹരണം തന്നെയാണ് ഐശ്വര്യ. വിശ്വസുന്ദരി എന്നതിലുപരി വിവിധ ഭാഷകളിൽ തിളങ്ങിയ മികച്ച നടി കൂടിയാണ് താരം. എങ്ങനെ ഇപ്പോഴും അതേ സൗന്ദര്യം ഐശ്വര്യ നിലനിർത്തുന്നു? എന്തൊക്കെ പരിചരണങ്ങളാവും ചർമ്മ സംരക്ഷണത്തിനായി ഐശ്വര്യ ചെയ്യുന്നത്?. സൗന്ദര്യത്തിനു പിന്നിലെ രഹസ്യം എന്താണ്? എന്നിങ്ങനെ ചിന്തിക്കാത്ത ആരാധകരില്ല.
ആരാധകരുടെ ചോദ്യങ്ങൾക്കുള്ള മറുപടിയാണ് ഐശ്യര്യ ഒരു അഭിമുഖത്തിലൂടെ പങ്കുവച്ചിരിക്കുന്നത്. ചർമ്മ സംരക്ഷണത്തിൽ താൻ മുൻഗണന നൽകുന്ന കാര്യങ്ങളെ കുറിച്ചാണ് താരം പറഞ്ഞിരിക്കുന്നത്. അതിൽ തന്നെ ജലാംശം, ശുചിത്വം, മനസ്സുഖം എന്നിവയാണ് ഐശ്യര്യ പ്രധാനമായും പറയുന്നത്. ശരീരത്തിലെ ജലാംശം നിലനിർത്തുക എന്നതും ശുചിത്വം പാലിക്കുന്നതും വളരെ പ്രധാനമാണ്.
ധാരാളം വെള്ളം കുടിക്കുന്നതും രാവിലെയും രാത്രിയിലും ചർമ്മം മോയ്സ്ചറൈസ് ചെയ്യുന്നതും ഐശ്വര്യയുടെ ശീലത്തിൽ ഉൾപ്പെടുന്നു. അഭിനയം തുടങ്ങിയതു മുതൽ ഇത് തുടർന്നു പോരുന്നുണ്ട്. ജോലിയിൽ ആണെങ്കിലും അല്ലെങ്കിലും അത് ഒഴിവാക്കാറില്ല എന്ന് 2023ൽ ഹാർപേഴ്‌സ് ബസാറിനു നൽകിയ അഭിമുഖത്തിൽ പറയുന്നു.
ഐശ്യര്യയുടെ ദിനചര്യയിലെ ഒരു പ്രധാന ഭാഗമാണിത്. ചർമ്മത്തെ സംരക്ഷിക്കുന്ന ആവരണത്തിൻ്റെ മെച്ചപ്പെട്ട പ്രവർത്തനത്തിന് ഇത് സഹായകരമാകും. പതിവായി മോയ്സ്ചറൈസ് ചെയ്യുന്നതിലൂടെ കാലക്രമേണ ചർമ്മത്തിലെ 35 ശതമാനം ജലാംശം വർധിപ്പിക്കാൻ സഹായിക്കും എന്ന സ്കിൻ റിസർച്ച് ആൻഡ് ടെക്നോളജിയിൽ പ്രസിദ്ധീകരിച്ച ഒരു പഠനം സൂചിപ്പിക്കുന്നു.
പ്രായമേറും തോറും ചർമ്മത്തിൻ്റെ ആവശ്യങ്ങളും വർധിച്ചു കൊണ്ടിരിക്കും. ഹൈലൂറോണിക് ആസിഡ് പോലെയുള്ള ഘടകങ്ങൾ ഈ കാലഘട്ടത്തിൽ ഗുണം ചെയ്യും. അവ ജലാംശ നിലനിർത്താൻ സഹായിക്കുന്നു. അന്തരീക്ഷത്തിൽ നിന്നുള്ള ഈർപ്പം വലിച്ചെടുക്കാനുള്ള കഴിവ് ഇതിനുണ്ട്.