tips

കഞ്ഞുങ്ങള്‍ക്ക് അമൃതം പൊടിയെക്കാള്‍ നല്ല പ്രോട്ടീന്‍ ഭക്ഷണം വേറെ ഉണ്ടാകില്ല

അമൃതംപൊടി കുഞ്ഞുങ്ങള്‍ക്ക് നല്‍കാം

സംസ്ഥാനത്ത് അങ്കണവാടികള്‍ മുഖേന കുഞ്ഞുങ്ങള്‍ക്ക് നല്‍കുന്ന പ്രോട്ടീന്‍ ഉല്‍പ്പന്നമാണ് അമൃതം പൊടി (അമൃതം ന്യൂട്രീമിക്‌സ്). നമ്മുടെ കുഞ്ഞുങ്ങള്‍ക്ക് മാത്രം ലഭിച്ചിരിക്കുന്ന ഈ ഭാഗ്യം ചിലരെങ്കിലും ഉപയോഗിക്കുന്നില്ല എന്നാതാണ് സത്യം. അങ്കണവാടികളിലൂടെ വിതരണം ചെയ്യുന്ന ഈ ഉല്‍പ്പന്നം പല കാരണങ്ങളാല്‍ വാങ്ങാതെ പോകുന്നവര്‍ മനസ്സിലാക്കേണ്ട ഒരു കാര്യമുണ്ട്. നമ്മുടെ കുഞ്ഞുങ്ങള്‍ക്ക് ഇതിന് പകരം വയ്ക്കാന്‍ വേറെ ഒരു പ്രോട്ടീന്‍ ഉല്‍പ്പന്നത്തിനും സാധിക്കില്ല.

ഗോതമ്പ്, കടലപ്പരിപ്പ്,നിലക്കടല,സോയ ചങ്ക്സ്,പഞ്ചസാര,എനര്‍ജി(കെസിഎല്‍),പ്രോട്ടീന്‍ ഫാറ്റ് ,കാര്‍ബോഹൈഡ്രേറ്റ്,ഷുഗര്‍ ,ഫൈബര്‍ ,വിറ്റമിനും മിനറല്‍സും,കാല്‍സൃം,അയേണ്‍,സിങ്ക് ,വിറ്റമിന്‍എ,തയാമിന്‍ ,റിബോഫ്‌ളവിന്‍ ,നിയാസിന്‍ ,വിറ്റമിന്‍ ബി6 ,വിറ്റമിന്‍ സി,ഫോളിക് ആസിഡ്,വിറ്റമിന്‍ ബി 12 തുടങ്ങിയവയാണ് ഇതില്‍ അടങ്ങിയിരിക്കുന്നത്.

അമൃതം പൊടി ആവശൃാനുസരണം ചൂട്പാലിലോ വെള്ളത്തിലോ കലക്കി ചെറുചൂടില്‍ വേവിച്ച് കുഴമ്പ് രൂപത്തില്‍ നല്‍കാം.ആവശൃമെങ്കില്‍ തേനോ പഴങ്ങളോ ചേര്‍ക്കാം. അമൃതം പൊടി ഭൂരിപക്ഷം വീടുകളിലും കുറുക്ക് രൂപത്തിലാണ് കുട്ടികള്‍ക്ക് കൊടുക്കുന്നത്. സ്ഥിരമായി കഴിക്കുന്നതിനാല്‍ കുറുക്കിനോട് കുട്ടികള്‍ പലപ്പോഴും വിമുഖത കാണിക്കും. അമൃതം പൊടിയുപയോഗിച്ച് ജ്യൂസ്, പായസം, കേക്ക്, മൈസൂര്‍ പാക്ക്, ഹല്‍വ, ബിസ്‌കറ്റ് തുടങ്ങിയ പലഹാരങ്ങള്‍ ഉണ്ടാക്കാം.

കേരളത്തിലെ മുപ്പത്തിമൂവായിരത്തോളം അങ്കണവാടികളിലൂടെയാണ് ഇതിന്റെ വിതരണം. കാസര്‍കോട് തോട്ടവിള ഗവേഷണ കേന്ദ്രത്തിലെ ചീഫ് ടെക്നിക്കല്‍ ഓഫീസറായ ഡോ. നീലോഫറാണ് അമൃതം പൊടിയുടെ ഉപജ്ഞാതാവ്. ഗോതമ്പ്, നിലക്കടല, സോയബീന്‍, കടലപ്പപരിപ്പ് പഞ്ചസാര എന്നിവ ചേര്‍ന്ന അമൃതം പൊടി വികസിപ്പിച്ചെടുത്തത് കാസര്‍ക്കോട് കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രത്തിന്റെ നേതൃത്വത്തിലാണ്. ജില്ലാ കുടുംബശ്രീ മിഷന്‍ മുഖേനയാണ് ഇപ്പോള്‍ ഇതിന്റെ നിര്‍മ്മാണം. സാധാരണ പഞ്ചസാരക്ക് പകരം തേങ്ങയില്‍ നിന്നും ഉല്‍പാദിപ്പിക്കുന്ന പഞ്ചസാരയാണ് ഇതില്‍ ചേര്‍ക്കുന്നത്.

വളരെ ഹെല്‍ത്തി ആയ ഈ ഉല്പന്നം വീട്ടില്‍ തയ്യാറാക്കുന്ന എല്ലാ പലഹാരങ്ങളിലും ഒന്നോ രണ്ടോ ടീസ്പൂണ്‍ ചേര്‍ത്ത് മുതിര്‍ന്ന കുട്ടികള്‍ക്കും കൊടുക്കാം. ഏഴു മാസം മുതല്‍ കുട്ടികള്‍ക്ക് കുറുക്കായും നല്‍കാവുന്നതാണ്. ആറുമാസം തൊട്ട് മൂന്നുവയസ്സുവരെയുള്ള കുഞ്ഞുങ്ങള്‍ക്ക് ഐ.സി.ഡി.എസ് അങ്കണവാടികള്‍ മുഖേനയാണ് സൗജന്യമായി അമൃതം പൊടി വിതരണം ചെയ്യുന്നത്. ‘സമ്പുഷ്ട കേരളം’ പദ്ധതിയുടെ ഭാഗമായി അമൃതം ന്യൂട്രീമിക്‌സിന്റെ രുചി വര്‍ധിപ്പിക്കാനുള്ള ഗവേഷണങ്ങള്‍ നടന്നുവരുന്നു.