പാലക്കാട് തിരഞ്ഞെടുപ്പിനായി കോൺഗ്രസ് നേതാക്കൾ കള്ളപ്പണം എത്തിച്ചെന്ന ആരോപണത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ റിപ്പോർട്ട് തേടി. പാലക്കാട് ജില്ലയുടെ തിരഞ്ഞെടുപ്പ് ചുമതലയുള്ള കളക്ടറോടാണ് പ്രാഥമിക റിപ്പോർട്ട് ആവശ്യപ്പെട്ടത്. റിപ്പോർട്ട് ലഭിച്ചതിന് ശേഷമായിരിക്കും തുടർനടപടി. കോൺഗ്രസ് വനിതാ നേതാക്കളുടെ ഹോട്ടൽ മുറികളിലടക്കം നടന്ന പരിശോധനയെ കുറിച്ചും എന്താണ് സംഭവിച്ചതിനെക്കുറിച്ചുമാണ് റിപ്പോർട്ട് തേടിയത്.
പാതിരാ റെയ്ഡിൽ പ്രതിപക്ഷ നേതാവ് വിഡി സതീശൻ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി. തിരഞ്ഞെടുപ്പ് കമ്മീഷനെ വെറും നോക്കുകുത്തികളാക്കിയെന്നും സിപിഎം പൊലീസിനെ രാഷ്ട്രീയമായി ദുരുപയോഗം ചെയ്തുവെന്നും ചൂണ്ടികാട്ടിയാണ് പരാതി നൽകിയത്.
തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ലംഘിച്ചതായും പരാതിയിൽ പറയുന്നു. പരിശോധനയ്ക്കെത്തിയ പൊലീസിനോടൊപ്പം എഡിഎം, ആർഡിഒ ഉദ്യോഗസ്ഥരുണ്ടായിരുന്നില്ല. 12 മണിക്ക് തുടങ്ങിയ പരിശോധന പുലർച്ചെ 2.30 ആയപ്പോഴാണ് എഡിഎം. ആർഡിഒ സ്ഥലത്ത് എത്തിയത്. എത്തുന്നത്. പൊലീസിന്റെ വിശദീകരണത്തിൽ വൈരുദ്ധ്യമുണ്ട് തുടങ്ങിയ കാര്യങ്ങളും പരാതിയിൽ ചൂണ്ടിക്കാട്ടി.