ചേലക്കരയിലും പാലക്കാട്ടും താമര വിരിയുമെന്നും വയനാട്ടിൽ ബിജെപി സ്ഥാനാർഥി ചരിത്ര മുന്നേറ്റം നടത്തുമെന്നും മുൻ കേന്ദ്രമന്ത്രിയും ബിജെപി കേരള പ്രഭാരിയുമായ പ്രകാശ് ജാവഡേക്കർ പറഞ്ഞു. ചേലക്കര ഉപതിരഞ്ഞെടുപ്പിനോടനുബന്ധിച്ച് പുലാക്കോട്ടു നടന്ന എൻഡിഎ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വയനാട് ഒരു കുടുംബത്തിനും തീറെഴുതി കൊടുത്തിട്ടുള്ള മണ്ഡലമല്ല. അവിടെ ബിജെപി സ്ഥാനാർഥി നവ്യ ഹരിദാസ് ചരിത്രമുന്നേറ്റം നടത്തും. കേരളത്തിൽ ബിജെപിയുടെ വളർച്ച കണ്ട് യുഡിഎഫും എൽഡിഎഫും നിരാശരായിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിനു പുറത്ത് എൽഡിഎഫും യുഡിഎഫും സഖ്യ കക്ഷികളാണ്. ഇവർ തമ്മിലാണ് കേരളത്തിലും ഡീൽ ഉള്ളത്. കേരളത്തിൽ തൊഴിൽ അവസരം സൃഷ്ടിക്കപ്പെടുന്നില്ല, യുവാക്കൾ ജോലി തേടി മറ്റു സംസ്ഥാനങ്ങളിലേക്കും രാജ്യങ്ങളിലേക്കും പേവുകയാണെന്നും ദാരിദ്ര്യമാണ് കേരളത്തിൽ വിതരണം ചെയ്യുന്നതെന്നും അദ്ദേഹം ആരോപിച്ചു.