Kerala

മഞ്ഞക്കുറ്റിയും കൊണ്ട് വന്നാല്‍ ഈ വീട്ടമ്മ വെറുതെ വിടില്ല… 64 വയസ്സുള്ള ഫിലോമിനയ്ക്ക് പറയാനുള്ളത്

സില്‍വര്‍ലൈന്‍ പദ്ധതിക്കുവേണ്ടി തന്റെ കിടപ്പാടം വിട്ടുകൊടുക്കില്ലെന്ന് ഫിലോമിന

സംസ്ഥാന സര്‍ക്കാരിന്റെ സ്വപ്ന പദ്ധതിയായ സില്‍വര്‍ ലൈനില്‍ കുടുങ്ങി ജീവിതം പേടിസ്വപ്‌നമായി മാറിക്കഴിഞ്ഞിരിക്കുകയാണ് കേരളത്തിലെ കുറച്ചധികം ജീവിനുകള്‍ക്ക്. സര്‍ക്കാറിന്റെ സ്വപ്‌നം പൂവണിഞ്ഞാല്‍ തങ്ങളുടെ ജീവിതസ്വപ്‌നം കൊണ്ട് നെയ്‌തെടുത്തതെല്ലാം ഒരു നിമിഷം കൊണ്ട് ഇല്ലാതാകുമെന്ന അവസ്ഥ പേടിയോടെ നോക്കികാണുന്നവരെ സര്‍ക്കാര്‍ കാണുന്നുണ്ടോ. സര്‍ക്കാര്‍ ഈ പദ്ധതി പ്രഖ്യാപിച്ചതുമുതല്‍ ഉറക്കം നഷ്ടപ്പെട്ട അവസ്ഥയിലാണ് ആ പാവങ്ങള്‍. സില്‍വര്‍ലൈന്‍ പദ്ധതിയില്‍ കിടപ്പാടം നഷ്ടപ്പെടുമെന്ന സ്ഥിതിയെത്തി നില്‍ക്കെ 64 വയസ്സുള്ള വീട്ടമ്മയുടെ വേദന പറയുകയാണ്.

വീടിനെ കീറിമുറിച്ചാണ് പദ്ധതി കടന്നുപോകുന്നതെന്നാണ് 64 വയസ്സുള്ള ഫിലോമിന തോമസ് പറയുന്നത്. മാടപ്പള്ളി റീത്ത് പള്ളി ജംക്ഷനില്‍ മഞ്ഞക്കുറ്റി നാട്ടാന്‍ എത്തിയവരെ തടയാന്‍ കുടുംബാംഗങ്ങളോടൊപ്പമാണ് അന്നു പോയത്. പ്രായത്തിന്റെ പരിഗണന പോലും നല്‍കാതെ പൊലീസ് തന്നെ വലിച്ചിഴച്ചത് ഇന്നും ഫിലോമിന കണ്ണീരോടെ ഓര്‍ക്കുന്നു. ”കരഞ്ഞിട്ടും നിലവിളിച്ചിട്ടും കാര്യമില്ലെന്ന് മനസ്സിലായപ്പോള്‍ എങ്ങനെയോ ധൈര്യം വന്നു. പൊലീസ് പിടിച്ച് ബസില്‍ കയറ്റാന്‍ നോക്കി. ഞാന്‍ പ്രതിരോധിച്ചുനിന്നു. അതോടെ ബസില്‍ കയറ്റും മുന്‍പ് കൂടെയുണ്ടായിരുന്നവരെല്ലാം ചേര്‍ന്ന് എന്നെ രക്ഷപ്പെടുത്തി”.

‘പാര്‍ട്ടി സെക്രട്ടറിയുടെ അപ്പക്കഥ ഇനി ഇവിടെ ചെലവാകില്ല’- മാടപ്പള്ളി സില്‍വര്‍ലൈന്‍ വിരുദ്ധ സമരത്തിന്റെ മുന്നണിപ്പോരാളികളില്‍ ഒരാളായ ഫിലോമിന തോമസിന്റെ താക്കീതാണിത്. മഞ്ഞക്കുറ്റിയുമായി ഉദ്യോഗസ്ഥര്‍ വീണ്ടുമെത്തിയാല്‍ ഇനിയും സമരത്തിനിറങ്ങുമെന്ന് 64 വയസ്സുള്ള ഫിലോമിന പറയുന്നു. ‘സില്‍വര്‍ലൈന്‍ വന്നാല്‍ പാലക്കാട്ടെ കൂറ്റനാട്ടു നിന്ന് അപ്പമുണ്ടാക്കി കൊച്ചിയില്‍ കൊണ്ടുപോയി വിറ്റ് ഉച്ചഭക്ഷണത്തിനു മുന്‍പേ തിരികെയെത്താം’ എന്ന സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെ പ്രസ്താവനയ്‌ക്കെതിരെ മാടപ്പള്ളി സമരപ്പന്തലില്‍ നെയ്യപ്പം വിതരണം ചെയ്ത് പ്രതിഷേധിച്ചയാളാണു ഫിലോമിന.

പദ്ധതി വീണ്ടും വന്നേക്കുമെന്ന് അറിഞ്ഞിട്ടും ഫിലോമിനയുടെ മുഖത്ത് ഭയമില്ല. വര്‍ഷങ്ങളോളം വാടകയ്ക്ക് താമസിച്ച് ഒടുവില്‍ വച്ച വീടാണിത്. ജീവന്‍ പോയാലും നാലിരട്ടി പണം തരാമെന്ന് പറഞ്ഞാലും കിടപ്പാടം വിട്ടുകൊടുക്കില്ലെന്നു ഫിലോമിന പറയുന്നു. കുറുമ്പനാടത്ത് താമസിക്കുന്ന സഹോദരങ്ങളുടെ വീടും പദ്ധതിക്കായി അടയാളപ്പെടുത്തിയിട്ടുണ്ട്. ഇനി കുറ്റി നാട്ടാന്‍ വീണ്ടും എത്തുന്നവര്‍ക്ക് ചൂടപ്പം ഒരുക്കി കാത്തിരിക്കുകയാണെന്നും ഫിലോമിന പറയുന്നു.

സംസ്ഥാന സര്‍ക്കാരിന്റെ സ്വപ്ന പദ്ധതിയായ സില്‍വര്‍ ലൈനില്‍ കാസര്‍ഗോഡ് നിന്ന് കൊച്ചുവേളി വരെ ഇരട്ട റെയില്‍വേ പാതയാണു സ്ഥാപിക്കുന്നത്. 2024ല്‍ പദ്ധതി യാഥാര്‍ഥ്യമാവുമ്പോള്‍ കേരളത്തിന്റെ രണ്ടറ്റവുമായി ബന്ധിപ്പിക്കുന്ന യാത്രാ സമയം 12 മണിക്കൂറില്‍നിന്ന് നാലായി കുറയും. കേരളത്തിന്റെ സെമി ഹൈസ്പീഡ് റെയില്‍ യാത്രാ പദ്ധതിയായ സില്‍വര്‍ ലൈനിനു കേന്ദ്ര റെയില്‍വേ മന്ത്രാലയം തത്വത്തില്‍ അനുമതി നല്‍കിയിരിക്കുകയാണ്. കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ 532 കിലോമീറ്റര്‍ നീളുന്നതാണ് പദ്ധതി.

Tags: Kerala