16 വയസ്സിന് താഴെയുള്ള കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗം നിരോധിക്കാനൊരുങ്ങി ഓസ്‌ട്രേലിയൻ സർക്കാർ. ഈ പ്രായത്തിലുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ നിരോധിക്കാൻ സർക്കാർ നടപടികൾ ആരംഭിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയ കുട്ടികൾക്ക് ദോഷം ചെയ്യുന്നുണ്ടെന്നും ഒരു വർഷത്തിന് ശേഷം നിയമം പ്രാബല്യത്തിൽ വരാൻ ആവശ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി ആന്റണി ആൽബനീസ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. രക്ഷിതാക്കളുടെ സമ്മതം ഉണ്ടെങ്കിലും നിയമ പ്രകാരം ഒരു ഇളവും ലഭിക്കില്ലെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.
കുട്ടികൾ സോഷ്യൽ മീഡിയയിലേയ്ക്ക് പ്രവേശിക്കുന്നത് തടയാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുന്നുണ്ടെന്ന് തെളിയിക്കുന്നതിനുള്ള ഉത്തരവാദിത്തം സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾക്കായിരിക്കും. ഇക്കാര്യത്തിൽ ഒരിക്കലും രക്ഷിതാക്കളോ കുട്ടികളോ ഉത്തരവാദികളായിരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മദ്യം വാങ്ങുന്നതിനുള്ള പ്രായ പരിധി പരാമർശിച്ചു കൊണ്ടാണ് ആന്റണി ആൽബനീസ് ഇക്കാര്യങ്ങൾ പങ്കുവെച്ചത്.