Kerala

മേപ്പാടിയിലെ ഭക്ഷ്യകിറ്റിൽ പുഴുവരിച്ച സംഭവം; പ്രതികരണവുമായി ടി സിദ്ദിഖ് എംഎൽഎ

വയനാട് മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തബാധിതര്‍ക്ക് വിതരണം ചെയ്തത് പുഴുവരിച്ച അരിയും ഉപയോഗിക്കാന്‍ കഴിയാത്ത വസ്ത്രങ്ങളുമെന്ന പരാതിയിൽ പ്രതികരണവുമായി ടി സിദ്ദിഖ് എംഎൽഎ. പരിമിതികൾ ഉണ്ടായിട്ടും ദുരന്ത നിവാരണ പ്രവർത്തനത്തിൽ ഏറ്റവും നന്നായി ഇടപെടലുകൾ നടത്തിയ പഞ്ചായത്തുകളിൽ ഒന്നാണ് മേപ്പാടി. പഞ്ചായത്ത് വാങ്ങിയ അരിയിലല്ല മറിച്ച് റവന്യൂ വകുപ്പ് കൊടുത്തിരിക്കുന്ന അരിയിലാണ് പുഴുവരിച്ചിരിക്കുന്നത് എന്നാണ് പ്രാഥമികാന്വേഷണത്തിൽ നിന്ന് വ്യക്തമാകുന്നതെന്ന് ടി സിദ്ദിഖ് എംഎൽഎ കൂട്ടിച്ചേർത്തു. ഇക്കാര്യത്തിൽ പഞ്ചായത്തിന് തെറ്റ് പറ്റിയിട്ടില്ല . റവന്യൂ ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് വീഴ്ച്ച സംഭവിച്ചു. വിഷയത്തിൽ കൃത്യമായ അന്വേഷണം നടത്തണമെന്നും ഇതുമായി ബന്ധപ്പെട്ട് ഡിവൈഎഫ്‌ഐ നടത്തുന്ന സമരം ഇത് മറയ്ക്കാനാണെന്നും അദ്ദേഹം വ്യക്തമാക്കി.

മേപ്പാടി ഗ്രാമപഞ്ചായത്തിൽ ഇന്നലെ വിതരണം ചെയ്ത ഭക്ഷ്യ കിറ്റിലാണ് കേടായ ഭക്ഷ്യധാന്യങ്ങൾ കണ്ടെത്തിയത്. പുഴുവരിച്ച അരിയും മൈദയും ഉൾപ്പെടെയുള്ള ഭക്ഷ്യവസ്തുക്കളാണ് കിറ്റിൽ ഉള്ളത്.മൃഗങ്ങള്‍ക്ക് പോലും നല്‍കാന്‍ കഴിയാത്ത ഭക്ഷ്യവസ്തുക്കളാണ് നല്‍കിയിരിക്കുന്നതെന്നും വസ്ത്രങ്ങള്‍ ഉപയോഗിച്ചവയാണെന്നും ദുരന്ത ബാധിതർ ആരോപിക്കുന്നു.