പ്രണയം നടിച്ച് വീഡിയോ കോള്‍ വഴി യുവതിയുടെ നഗ്നചിത്രം പകര്‍ത്തുകയും സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്ത ഇരട്ടസഹോദരങ്ങളെ പൊലീസ് അറസ്റ്റ് ചെയ്തു. കാളികാവ് അഞ്ചച്ചവടി കാണാഞ്ചേരി ഹസൈനാർ (21), ഹുസൈൻ (21) എന്നിവരാണ് പിടിയിലായത്. നിലമ്പൂർ ചന്തക്കുന്നിൽ വാടകയ്ക്ക് താമസിക്കുന്നതിനിടയിൽ പരിചയപ്പെട്ട യുവതിയോട് ഹസൈനാരാണ് ആദ്യം പ്രണയം നടിച്ചതെന്ന് പൊലീസ് പറഞ്ഞു. തുടർന്ന് സഹോദരങ്ങൾ വയനാട് ചുള്ളിയോട്ടിലേക്ക് താമസം മാറിയിരുന്നു. ഇതിനിടയിൽ ഹുസൈനുമായും യുവതി പരിചയത്തിലാകുകയായിരുന്നു.
ഹുസൈനും യുവതിയോട് മൊബൈൽ ഫോൺ വഴി പ്രണയാഭ്യർത്ഥന നടത്തിയെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. തുടർന്ന് സഹോദരങ്ങൾ ചേർന്ന് യുവതിയെ പ്രലോഭിപ്പിച്ച് രാത്രിയിൽ വീഡിയോ കോൾ വഴി നഗ്ന ചിത്രം പകർത്തുകയും തങ്ങളെ വിവാഹം കഴിച്ചില്ലെങ്കിൽ സുഹൃത്തുക്കൾക്കും വീട്ടുകാർക്കും വീഡിയോ അയച്ചുകൊടുക്കുമെന്നു പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടർന്ന് യുവതി ബന്ധത്തിൽ നിന്ന് പിൻമാറി. ഇതിന്റെ വിരോധത്തിലാണ് ഇരുവരും യുവതിയുടെ നഗ്ന ദൃശ്യം പ്രചരിപ്പിച്ചതെന്നായിരുന്നു പൊലീസിന്റെ കണ്ടെത്തൽ.