കേന്ദ്ര യുവജനകാര്യകായിക മന്ത്രാലയത്തിന്റെ മേരാ യുവ ഭാരതിന്റെ ഭാഗമായി നെഹ്‌റു യുവകേന്ദ്ര കേരള സംഘാതന്‍ നവംബര്‍ ഒന്ന് മുതല്‍ ആറ് വരെ തിരുവനന്തപുരത്ത് സംഘടിപ്പിച്ച ഈ വര്‍ഷത്തെ കാശ്മീര്‍ യൂത്ത് എക്‌സ്‌ചേഞ്ച് പരിപാടി സമാപിച്ചു. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഒരുക്കിയ കേരള സദ്യ നുകര്‍ന്നാണ് യുവതി യുവാക്കള്‍ കാശ്മീരിലേക്ക് യാത്ര തിരിച്ചത്.
രാജ്ഭവനില്‍ സംഘടിപ്പിച്ച വിരുന്നില്‍ ഗവര്‍ണറും പങ്കുചേര്‍ന്നു. യുവജനങ്ങള്‍ക്ക് മെമെന്റോയും സമ്മാനങ്ങളും നല്‍കിയാണ് സംഘത്തെ ഗവര്‍ണര്‍ യാത്രയാക്കിയത്. അഡീഷണല്‍ ചീഫ് സെക്രട്ടറി ദേവേന്ദ്ര കുമാര്‍ ധോദാവത്ത്, നെഹ്‌റു യുവ കേന്ദ്ര സംഘാതന്‍ സ്റ്റേറ്റ് ഡയറക്ടര്‍ എം അനില്‍കുമാര്‍, സെന്‍ട്രല്‍ ബ്യൂറോ ഓഫ് കമ്മ്യൂണിക്കേഷന്‍ ഡയറക്ടര്‍വി. പാര്‍വ്വതി എന്നിവരും സംബന്ധിച്ചു.
വൈകീട്ട് നടന്ന സമാപന സമ്മേളനം ആദായ നികുതി വകുപ്പ് കേരള പ്രിന്‍സിപ്പല്‍ ചീഫ് കമ്മീഷണര്‍ അസിത് സിങ് ഉദ്ഘാടനം ചെയ്തു. പങ്കെടുത്തവര്‍ക്ക് സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. നെഹ്‌റു യുവ കേന്ദ്ര സംഘാതന്‍ സ്റ്റേറ്റ് ഡയറക്ടര്‍ എം. അനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ യൂത്ത് ഓഫീസര്‍മാരായ പി.സന്ദീപ് കൃഷ്ണന്‍, ഡി.ഉണ്ണികൃഷ്ണന്‍, സി .സനൂപ്, ബിന്‍സി എന്നിവര്‍ പ്രസംഗിച്ചു.
കേരളത്തിന്റെ സംസ്‌കാരവും പാരമ്പര്യവും അനുഭവവേദ്യമാക്കുന്നതായിരുന്നു സാംസ്‌കാരിക വിനിമയ പരിപാടി. കശ്മീരിലെ തനത് കലകളും അതിഥികള്‍ പങ്ക് വെച്ചു. 126 യുവജനങ്ങളാണ് ആറ് ദിവസത്തെ സന്ദര്‍ശനത്തിനായി തിരുവനന്തപുരത്തെത്തിയത്.
നവംബര്‍ ഒന്നിന് നാലാഞ്ചിറ ഗിരിദീപം കണ്‍വന്‍ഷന്‍ സെന്ററില്‍ ഗവര്‍ണര്‍ ശ്രീ ആരിഫ് മുഹമ്മദ് ഖാനാണ് പരിപാടി ഉദ്ഘാടനം ചെയ്തത്.തുടര്‍ന്നുള്ള ദിവസങ്ങളില്‍ നടന്ന കശ്മീരി ഉല്പന്നങ്ങളുടെ പ്രദര്‍ശനം മുന്‍ കേന്ദ്രസഹമന്ത്രി വി. മുരളീധരന്‍ ഉദ്ഘാടനം ചെയ്തു. പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ വി. പളനിച്ചാമി, കാലിക്കറ്റ് സര്‍വകലാശാല ഗാന്ധിയന്‍ ചെയര്‍ വിസിറ്റിംഗ് പ്രൊഫസര്‍ ഡോ. ആര്‍ സുരേന്ദ്രന്‍, ഡോ രഘു, ഡോ ഗോപകുമാര്‍ എന്നിവര്‍ വിവിധ വിഷയങ്ങളില്‍ ക്ലാസെടുത്തു.
കശ്മീരി പ്രതിനിധികള്‍ കേരള നിയമസഭ, ദൂരദര്‍ശന്‍ കേന്ദ്രം, വിക്രം സാരാഭായ് സ്‌പേസ് സെന്റര്‍-തുമ്പ, സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ -ലക്ഷ്മീഭായ് നാഷണല്‍ കോളേജ് ഓഫ് ഫിസിക്കല്‍ എഡ്യൂക്കേഷന്‍, മ്യൂസിയം, കോവളം ബീച്ച് എന്നിവിടങ്ങള്‍ സന്ദര്‍ശിച്ചു.
സ്വച്ഛതാ ഹി സേവ, ഏക് പേട് മാ കെ നാം ക്യാംപയ്‌നുകളിലും യുവജനങ്ങള്‍ പങ്കാളികളായി. രാജ്യത്തിന്റെ മഹത്തായ പൈതൃകത്തെയും വൈവിധ്യമാര്‍ന്ന സംസ്‌കാരിക പാരമ്പര്യത്തെയും കുറിച്ച് അറിയാനും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന വികസനപ്രവര്‍ത്തനങ്ങള്‍ നേരില്‍കണ്ട് പഠിക്കാനുമാണ് നെഹ്‌റു യുവ കേന്ദ്രയുടെ ആഭിമുഖ്യത്തില്‍ യൂത്ത് എക്‌സ്‌ചേഞ്ച് പരിപാടി സംഘടിപ്പിക്കുന്നത്.
CONTENT HIGHLIGHTS;’Kashmir Youth Exchange’ concludes: Starts with dinner with Governor, ends with seeing developments in various states of the country