Thiruvananthapuram

പോത്തന്‍കോട് ബ്ലോക്ക് പഞ്ചായത്തിന്റെ ‘ഫസ്റ്റ് ചെക്കിന് ‘ ഇന്ന് ആര്‍.സി.സി യുടെ ആദരം: കാന്‍സര്‍ നിര്‍ണയത്തിന് ആദ്യമായി നടപ്പാക്കിയ മാതൃകാ പദ്ധതിക്ക്

കേരളത്തില്‍ നടപ്പാക്കിയ ജനകീയാസൂത്രണ പദ്ധതിയുടെ സവിശേഷത, ഓരോ തദ്ദേശ ഭരണ സ്ഥാപനത്തിനും അനുയോജ്യമായ പദ്ധതികള്‍ ആവിഷ്‌കരിച്ച് അംഗീകാരം വാങ്ങി നടപ്പാക്കാം എന്നുള്ളതാണ്. പോത്തന്‍കോട് ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി, അത്തരത്തില്‍ സ്വന്തം ഫണ്ടുപയോഗിച്ച് ആരോഗ്യമേഖലയില്‍ നടപ്പാക്കിയ ഒരു പദ്ധതിയ്ക്കാണ്ഇന്ന് പോത്തന്‍കോട് ബ്ലോക്ക് പഞ്ചായത്തിനെ തിരുവനന്തപുരം റീജിയണല്‍ ക്യാന്‍സര്‍ സെന്റര്‍ ആദരിക്കുന്നത്.

ദേശീയ ക്യാന്‍സര്‍ ബോധവല്‍ക്കരണ ദിനമായ ഇന്ന്, കാന്‍സര്‍ നിയന്ത്രണ പദ്ധതി മാതൃകാപരമായ നടപ്പാക്കിയ തദ്ദേശ ഭരണ സ്ഥാപനം എന്ന നിലയ്ക്കാണ് ആര്‍.സി.സിയുടെ കോണ്‍ഫറന്‍സ് ഹാളില്‍ ഉച്ചയ്ക്ക് രണ്ടിന് ചടങ്ങ് നടക്കുന്നത്. അണ്ടൂര്‍കോണം, കഠിനംകുളം, അഴൂര്‍, മംഗലാപുരം, പോത്തന്‍കോട് എന്നീ ഗ്രാമപഞ്ചായത്തുകളിലെ 13 ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനുകളിലെ സ്ത്രീകള്‍ക്ക് ഏറെ പ്രയോജനപ്പെടുന്ന ഒരു പദ്ധതി ആര്‍ സി സി യുമായി ചേര്‍ന്ന് ബ്ലോക്ക് പഞ്ചായത്ത് നടപ്പാക്കുന്നത് 2022 മുതലാണ്.

ഫസ്റ്റ് ചെക്ക് എന്ന പേരില്‍മുടങ്ങാതെ നടത്തിവരുന്ന പ്രതിമാസ ക്യാന്‍സര്‍ നിര്‍ണയ ക്യാമ്പുകള്‍ ആണ് ഇതിനകം ശ്രദ്ധ നേടിയത്. സ്ത്രീകളിലെ ഗര്‍ഭാശയം, സ്തനം, തൊണ്ട എന്നിവയെ ബാധിക്കുന്ന അര്‍ബുദമാണ് ക്യാമ്പുകളിലൂടെ മുന്‍കൂര്‍ നിര്‍ണയം നടത്തുന്നത്. നേരത്തെ തിരിച്ചറിഞ്ഞാല്‍ പൂര്‍ണ്ണമായും ചികിത്സിച്ച് ഭേദമാക്കാന്‍ കഴിയുന്ന രോഗങ്ങളാണിത്.

ഒരു വര്‍ഷം 13 ലക്ഷം രൂപയാണ് ബ്ലോക്ക് പഞ്ചായത്ത് ഫസ്റ്റ് ചെക്ക് പദ്ധതിക്കായി വക കൊള്ളിച്ചു ആര്‍ സി യിലേക്ക് മുന്‍കൂറായി അടച്ചു കൊടുക്കുന്നത്. മാസത്തില്‍ ഒന്നും രണ്ടും വീതംക്യാമ്പുകള്‍ 13 വാര്‍ഡുകളിലായി മാറിമാറി നടത്തും ആര്‍.സി.സിയിലെ മൂന്നു ഡോക്ടര്‍മാരും മറ്റു ജീവനക്കാരുമാണ് നേരിട്ടു ക്യാമ്പിലെത്തി പരിശോധിക്കുന്നത്. പരിശോധനയില്‍ സംശയം തോന്നുന്നവരെ വിദഗ്ധ പരിശോധനയ്ക്കായി ആര്‍.സി.സിയിലേക്ക് മാറ്റും.

രോഗനിര്‍ണ്ണയ പരിശോധനയ്ക്ക് ഒരാളിന് 10000 രൂപവരെയുള്ള ചിലവ് ബ്ലോക്ക് പഞ്ചായത്ത് ആണ് വഹിക്കുക. രോഗം സ്ഥിരീകരിച്ചു കഴിഞ്ഞാല്‍ പിന്നെ ചികിത്സ ആര്‍ സിയുടെ ചെലവിലാണ്. കഴിഞ്ഞ മൂന്നു വര്‍ഷങ്ങളായി ഇതേവരെ നടന്ന 33 ക്യാമ്പുകളിലായി നാലായിരത്തോളം സ്ത്രീകളാണ് പരിശോധനയ്‌ക്കെത്തിയത്. ബ്ലോക്കിന്റെ സാമ്പത്തിക പിന്തുണയോടെ 499 പേര്‍ ആര്‍.സി.സിയില്‍ തുടര്‍ പരിശോധനയ്ക്ക് വിധേയരാവുകയും പ്രാഥമിക ലക്ഷണങ്ങലുള്ളവര്‍ പ്രതിരോധ ചികിത്സാമാര്‍ഗങ്ങള്‍ അവലംബിക്കുകയുംചെയ്തു.

ഇവരില്‍ 15 പേര്‍ക്ക് കാന്‍സര്‍ രോഗം കണ്ടെത്തി ആര്‍.സി.സിയില്‍ ചികിത്സ തുടരുകയുമാണ്. 1994 മുതല്‍ 25 വര്‍ഷം ആര്‍.സി.സിയുടെ നേതൃത്വത്തില്‍ വിദേശ സഹായത്തോടെ മംഗലാപുരത്ത് പ്രവര്‍ത്തിച്ചുവന്ന വളരെയധികം ആളുകള്‍ക്ക് പ്രയോജനകരമായിരുന്ന ക്യാന്‍സര്‍ നിര്‍ണയ കേന്ദ്രം 2019ല്‍ പ്രോജക്ട് അവസാനിപ്പിച്ച് പൂട്ടിപ്പോയതാണ് ഇത്തരമൊരു പദ്ധതിക്ക് ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതിയ് പ്രേരിപ്പിച്ച ഒരു ഘടകം.

ക്യാന്‍സര്‍ വന്നാല്‍ മരണം ഉറപ്പാണെന്നും ചികിത്സിച്ചു മാറ്റാന്‍ ആവില്ലെന്നും പകരുന്ന രോഗം ആണെന്നൊക്കെയുള്ള മിഥ്യാധാരണകള്‍ ഇന്നും വച്ചു പുലര്‍ത്തുന്നവരുണ്ട്. ഇത്തരം തെറ്റിദ്ധാരണകള്‍ മാറ്റിവച്ച് കാന്‍സറിനെ പറ്റി വ്യക്തവും കൃത്യവുമായ അറിവ് ഉണ്ടാവുക എന്നതും കാന്‍സര്‍ അവബോധത്തിന്റെ അനിവാര്യത കൂടിയാണ്. കൃത്യമായ ജീവിത ശൈലിയിലൂടെയും ആരോഗ്യകരമായ ഭക്ഷണശീലങ്ങളിലൂടെയും ഒരു പരിധിവരെ കാന്‍സറിനെ ചെറുത്തുതോല്‍പ്പിക്കാമെന്നും

തുടക്കത്തില്‍ കണ്ടെത്തിയാല്‍ പൂര്‍ണമായും ഭേദമാക്കാവുന്ന തലത്തിലേക്ക് നമ്മുടെ ചികിത്സാരംഗം വളര്‍ന്നുകഴിഞ്ഞു എന്നുമുള്ള സന്ദേശമാണ് നവംബര്‍ 7ന്റെ ദേശീയ ക്യാന്‍സര്‍ ബോധവല്‍ക്കരണ ദിനം സമൂഹത്തിന് നല്‍കുന്നതെന്നാണ് ആര്‍.സി.സി വ്യക്തമാക്കുന്നത്. സ്വന്തം പദ്ധതി തുക ഉപയോഗിച്ച്ഈ പദ്ധതി നടപ്പാക്കുന്നതിലുടെ ഒരു പ്രാദേശിക സര്‍ക്കാര്‍ എന്ന നിലയില്‍ ബ്ലോക്ക് പഞ്ചായത്ത്,മറ്റു സ്ഥാപനങ്ങള്‍ക്ക് മാതൃകയും പേരണയുമായി മാറുകയാണെന്നു് പോത്തന്‍കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഹരിപ്രസാദ്, അഭിപ്രായപ്പെടുന്നു.

CONTENT HIGHLIGHTS;RCC honors Pothankot Block Panchayat’s ‘First Check’ today: first model project for cancer screening

Latest News