കുറച്ചുനാള്‍ മുമ്പ് വരെ ഒലീവ് ഓയില്‍ എന്ന് കേട്ടാല്‍ എല്ലാവരും ചിന്തിക്കുന്നത് സൗന്ദര്യവര്‍ധക വസ്തുവില്‍ ഉപയോഗിക്കുന്ന ഒയിലുകളില്‍ വരുന്നതാണെന്നാണ്. എന്നാല്‍ ഇപ്പോള്‍ അതൊക്കെ മാറി. സൗന്ദര്യത്തിന് പുറമെ ആരോഗ്യത്തിന് വളരെ മുന്നില്‍ നില്‍ക്കുന്ന ഒന്നു തന്നെയാണ് ഒലീവ് ഓയില്‍. നിരവധി ആരോഗ്യഗുണങ്ങളാണ് ഒലിവ് ഓയിലില്‍ ഉള്ളത്.വിറ്റാമിന്‍ എ, വിറ്റാമിന്‍ ഡി, വിറ്റാമിന്‍ ഇ, മോണോസാച്ചുറേറ്റഡ് കൊഴുപ്പുകള്‍, ആന്റി ഓക്‌സിഡന്റുകള്‍ എന്നിവ ധാരാളമായി ഒലിവ് ഓയിലില്‍ അടങ്ങിയിട്ടുണ്ട്.
ഒലീവ് ഓയിലിലെ ആന്റിഓക്സിഡന്റുകളും ആന്റി-ഇന്‍ഫ്‌ലമേറ്ററി സംയുക്തങ്ങളും ഹൃദയത്തിന്റെയും ചര്‍മ്മത്തിന്റെയും ആരോഗ്യത്തിന് ഗുണം ചെയ്യും.ഒലീവ് ഓയില്‍ ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്നതായി വിദഗ്ധര്‍ പറയുന്നു.
രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരപ്പെടുത്താനും ഉപാപചയ പ്രവര്‍ത്തനങ്ങളെ മെച്ചപ്പെടുത്താനും ഒലീവ് ഓയില്‍ സഹായകമാകും. എക്സ്ട്രാ വെര്‍ജിന്‍ ഒലിവ് ഓയില്‍ ഏറ്റവും മികച്ച ഗുണനിലവാരമുള്ളതാണ്. കാരണം ഇത് കുറഞ്ഞ അളവില്‍ സംസ്‌കരിക്കപ്പെടുകയും ഉയര്‍ന്ന ആന്റിഓക്സിഡന്റ് ഉള്ളടക്കം ഉള്ളതുമാണ്.
സോയാബീന്‍ ഓയില്‍ ഉള്ള ഗ്രൂപ്പിനെ അപേക്ഷിച്ച് വെര്‍ജിന്‍ ഒലീവ് ഓയില്‍ കഴിച്ചവരില്‍ കൊഴുപ്പ് കുറയ്ക്കാനുള്ള സാധ്യത 80 ശതമാനം കൂടുതലാണെന്ന് യൂറോപ്യന്‍ ജേണല്‍ ഓഫ് ന്യൂട്രീഷനില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു. ഒലിവ് ഓയിലിലെ ആരോഗ്യകരമായ കൊഴുപ്പുകള്‍, പ്രധാനമായും മോണോസാച്ചുറേറ്റഡ് കൊഴുപ്പുകള്‍ അമിതമായി ഭക്ഷണം കഴിക്കാനുള്ള സാധ്യത കുറയ്ക്കുന്നു. ഇത് കലോറി ഉപഭോഗം നിയന്ത്രിക്കാന്‍ സഹായിക്കും.
പൂരിത കൊഴുപ്പുകളെ അപേക്ഷിച്ച് മോണോസാച്ചുറേറ്റഡ് കൊഴുപ്പുകള്‍ ശരീരത്തിലെ അധിക കൊഴുപ്പിനെ കുറയ്ക്കുന്നു. കൂടാതെ, ഒലീവ് ഓയിലിന് കുറഞ്ഞ ഗ്ലൈസെമിക് സൂചികയാണുള്ളത്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അത് കൊണ്ട് തന്നെ ബ്ലഡ് ഷുഗര്‍ അളവ് നിയന്ത്രിക്കുന്നതിന് സഹായിക്കുന്നു.
ശരീരഭാരം നിയന്ത്രിക്കാന്‍ ആഗ്രഹിക്കുന്ന ആളുകള്‍ക്ക് ഇത് പ്രത്യേകിച്ചും പ്രയോജനകരമാണ്. കാരണം സ്ഥിരമായ രക്തത്തിലെ പഞ്ചസാരയുടെ അളവ് ഇന്‍സുലിന്‍ സ്‌പൈക്കുകള്‍ തടയുകയും ദിവസം മുഴുവന്‍ ഊര്‍ജ്ജ നില മെച്ചപ്പെടുത്തുകയും ചെയ്യും.
ട്രാന്‍സ് ഫാറ്റ് അല്ലെങ്കില്‍ പൂരിത കൊഴുപ്പുകള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ ഒഴിവാക്കി ആരോഗ്യകരമായ കൊഴുപ്പുകള്‍ അടങ്ങിയ ഭക്ഷണത്തിലേക്ക് മാറണമെന്ന് വിദഗ്ധര്‍ പറയുന്നു. ഇത് ശരീരത്തില്‍ അമിതമായി കൊഴുപ്പ് അടിഞ്ഞുകൂടാനുള്ള സാധ്യത കുറയ്ക്കുന്നതിലൂടെ ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്നു.
ഒരു ടേബിള്‍സ്പൂണ്‍ എക്സ്ട്രാ വെര്‍ജിന്‍ ഒലിവ് ഓയിലില്‍ അല്‍പം നാരങ്ങ നീര് ചേര്‍ത്ത ശേഷം വെറും വയറ്റില്‍ കുടിക്കുന്നത് ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്നതായി ജേണല്‍ ഓഫ് ക്ലിനിക്കല്‍ ബയോകെമിസ്ട്രി ആന്‍ഡ് ന്യൂട്രീഷനില്‍ പ്രസിദ്ധീകരിച്ച പഠനതതില്‍ പറയുന്നു. മാത്രമല്ല ഒലീവ് ഓയില്‍ സാലഡിനൊപ്പം ചേര്‍ത്തും കഴിക്കാവുന്നതാണ്. ഒലീവ് ഓയിലില്‍ മോണോസാച്ചുറേറ്റഡ് കൊഴുപ്പുകള്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ദഹനത്തെ മെച്ചപ്പെടുത്താനും കുടലിന്റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും. ഡയറ്റില്‍ ഒലീവ് ഓയില്‍ ഉള്‍പ്പെടുത്തുന്നത് തലച്ചോറിന്റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും. അള്‍ഷിമേഴ്‌സ് പോലുളള രോഗങ്ങളെ ഒരു പരിധി വരെ അകറ്റിനിര്‍ത്താനും ഒലിവ് ഓയില്‍ സഹായിക്കും.
ഒലീവ് ഓയിലില്‍ അടങ്ങിയിരിക്കുന്ന ആന്റി ഓക്സിഡന്റുകളും ആന്റി-ഇന്‍ഫ്‌ലമേറ്ററി സംയുക്തങ്ങളും ചര്‍മ്മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തും. കൂടാതെ ഇവയില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ ഇയും ചര്‍മ്മത്തിന് നല്ലതാണ്.