സൗന്ദര്യത്തിൻ്റെ മാത്രമല്ല ആരോഗ്യത്തിൻ്റെ ലക്ഷണമായും തലമുടിയെ കരുതുന്നു. ആരോഗ്യമുള്ള ശരീരത്തിലെ കരുത്തുറ്റതും തിളക്കമാർന്നതുമായ മുടി വളരുകയുള്ളൂ. പുറമേ എന്തൊക്കെ പരിചരണം നൽകിയാലും കഴിക്കുന്ന ഭക്ഷണവും അതിൽ സുപ്രധാന പങ്ക് വഹിക്കുന്നു.
പ്രോട്ടീനുകളും ഇരുമ്പും അടങ്ങിയ സമീകൃത ആഹാരശീലം പാലിക്കുക. അതിൽ തന്നെ മുടിയുടെ ആരോഗ്യത്തിന് സഹായിക്കുന്ന ചില പ്രധാനപ്പെട്ട പോഷകങ്ങളും ഉണ്ട്. അവ എന്തൊക്കെയെന്ന് അറിയാം.
രോമ കൂപങ്ങളെ പോഷിപ്പിക്കുന്നതിനും ആരോഗ്യകരമായ മുടി വളർച്ച പ്രോത്സാഹിപ്പിക്കുന്നതിനും ഒമേഗ-3 ഫാറ്റി ആസിഡ് അത്യന്താപേക്ഷിതമാണ്. തലയോട്ടിയുടെ ആരോഗ്യം നിലനിർത്താൻ ഇത് സഹായിക്കുന്നു. സാൽമൺ, അയല, തുടങ്ങിയ മത്സ്യങ്ങൾ ഒമേഗ-3 ഫാറ്റി ആസിഡിൻ്റെ സമ്പന്നമായ ഉറവിടമാണ്. ചിയ വിത്തുകൾ, വാൽനട്ട്, ചണ വിത്ത് തുടങ്ങിയവയിലും ഇത് അടങ്ങിയിട്ടുണ്ട്.
തലയോട്ടിയിലെ സ്വഭാവികമായ ഈർപ്പം നിലനിർത്തുന്നതിന് സഹായകരമാണ് സെബത്തിൻ്റെ ഉത്പാദനത്തിന് വിറ്റാമിൻ എ സഹായകരമാണ്. രോഗപ്രതിരോധ ശേഷിക്കും, കാഴ്ച ശക്തിക്കുമൊക്കെ ആവശ്യമായ വിറ്റാമിനാണിത്. കാരറ്റ്, മധുരക്കിഴങ്ങ്, ചീര, ഇല വർഗങ്ങൾ തുടങ്ങിയവ വിറ്റാമിൻ എ.
മുടിയുടെ വേരുകളിലേക്ക് ഓക്സിജൻ എത്തിച്ച് കരുത്തുറ്റ മുടി വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നതിൽ ഇരുമ്പ് നിർണയാക പങ്ക് വഹിക്കുന്നു. കൊഴുപ്പ് കുറഞ്ഞ മാംസ, ബീൻസ്, പയർ, ധാന്യങ്ങൾ എന്നിവ ഇരുമ്പിൻ്റെ മികച്ച ഉറവിടമാണ്. ഇരുമ്പിൻ്റെ ആഗിരണം വർധിപ്പിക്കുന്നതിന് വിറ്റാമിൻ സി അടങ്ങിയ ഭക്ഷണങ്ങൾ കൂടി കഴിക്കാൻ മറക്കേണ്ട.
രോമകൂപങ്ങളുടെ ആരോഗ്യത്തിനും അവയുടെ പുനരുജ്ജീവനത്തിനും സിങ്ക് അത്യന്താപേക്ഷിതമാണ്. ഇത് തലയോട്ടിയിലെ എണ്ണ ഉത്പാദനത്തെ നിയന്ത്രിക്കുന്നു. മത്തങ്ങ വിത്ത്, കശുവണ്ടി, ചെറുപയർ എന്നിവ സിങ്ക് അടങ്ങിയ ഭക്ഷണങ്ങളാണ്. മുടി കൊഴിച്ചിൽ തടയുന്നതിനും തലയോട്ടിയുടെ ആരോഗ്യം നിലനിർത്തുന്നതിനും ഇവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക.
ശരീരത്തിൻ്റെ മൊത്തത്തിലുള്ള ക്ഷേമത്തിന് ദിവസവും എട്ട് ഗ്ലാസ് വെള്ളം എങ്കിലും കുടിക്കൂ. ഇത് തലയോട്ടി വരണ്ടു പോകുന്നത് തടയുകയും, തലമുടി വളർച്ച പ്രോത്സഹിപ്പിക്കുന്നതിനും ഏറെ ഗുണകരമാണ്. വെള്ളരി, തണ്ണിമത്തൻ എന്നിവയിലൊക്കെ ധാരാളം ജലാംശം അടങ്ങിയിട്ടുണ്ട്.
പ്രോട്ടീൻ തലമുടിയുടെ ആരോഗ്യത്തിന് അത്യന്താപേക്ഷിതമാണ്. മുടി വളർച്ച,ഘടന തുടങ്ങിയവക്ക് പ്രോട്ടീൻ കൂടിയേ തീരും. ചിക്കൻ, മത്സ്യം, സോയ, പയർവർഗങ്ങൾ തുടങ്ങി പ്രോട്ടീൻ അടങ്ങിയ ഭക്ഷണം ശീലമാക്കുക എന്ന് ഡെർമറ്റോളജിസ്റ്റും സിട്രിൻ ക്ലിനിക്കിൻ്റെ സ്ഥാപകയുമായ ഡോ. നിതി ഗൗർ പറഞ്ഞു.