കള്ളപ്പണ വിവാദത്തിൽ കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് മന്ത്രി എം ബി രാജേഷ്. കള്ളപ്പണ വിവരം കിട്ടിയാൽ പരിശോധിക്കുന്നതിൽ എന്താണ് തെറ്റെന്ന് മന്ത്രി ചോദിച്ചു. കൊടകര കുഴൽപ്പണവുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതാവിൻ്റെ പേരും ഉയരുന്നുണ്ട്. കള്ളപ്പണത്തിൻ്റെ ഇരട്ടക്കുട്ടികളാണ് കോൺഗ്രസും ബിജെപിയുമെന്നും അദ്ദേഹം ആരോപിച്ചു. പരിശോധന സ്വാഭാവിക നടപടിയാണ്. അസ്വാഭാവിക നാടകമാക്കിയത് കോൺഗ്രസാണ്. തിരഞ്ഞെടുപ്പ് അവലോകനമാണങ്കിൽ ലീഗ് നേതാക്കൾ എവിടെയായിരുന്നുവെന്നും ഡിസിസി അദ്ധ്യക്ഷൻ അവിടെ ഉണ്ടായിരുന്നില്ലല്ലോയെന്നും മന്ത്രി എം ബി രാജേഷ് ചോദിച്ചു.
പലതും ഒളിച്ചുവെക്കുകയാണ് ലക്ഷ്യം. തിരഞ്ഞെടുപ്പ് പരിശോധന തടയുന്നത് ആദ്യമാണ്. ഗൂഢാലോചന നടത്തിയത് ഖദറിട്ടവരാണ്. അത് ചെയ്തുള്ള ശീലം കോൺഗ്രസിനാണ്. ഷാനിമോൾ ഉസ്മാൻ പൊലീസിനെ ഭയക്കേണ്ട കാര്യമില്ല. കോൺഗ്രസ് തയ്യാറാക്കിയ തിരക്കഥയിലെ റോൾ അവർ നന്നായി അഭിനയിച്ചു. അയ്യോ സതീശേട്ടാ ഒന്ന് സഹായിക്കണമേ എന്ന് പറയുന്ന ആളല്ല താൻ. സതീശൻ്റെ ഭാഷ രാഷ്ട്രീയ നേതാവിൻ്റേതാണോ ഗുണ്ടയുടെ ഭാഷയാണോ എന്ന് ജനം വിലയിരുത്തട്ടെ. പ്രതിപക്ഷ നേതാവിനെ വിമർശിച്ച മന്ത്രി സതീശന് അഹന്തയാണെന്നും ഇത്രയും അഹങ്കാരത്തിൽ സംസാരിക്കരുതെന്നും കൂട്ടിച്ചേർത്തു.