Law

മാധ്യമങ്ങളെ നിയന്ത്രിക്കാനാകില്ലെന്ന് ഹൈക്കോടതി

ക്രിമിനൽ കേസുകൾ റിപ്പോർട്ട് ചെയ്യുന്നതിലടക്കം മാധ്യമങ്ങള നിയന്ത്രിക്കാനാകില്ലെന്ന് ഹൈക്കോടതി ഉത്തരവ്. മാധ്യമപ്രവർത്തനത്തിന് മാർ​ഗനിർദേശം വേണമെന്ന ആവശ്യം ഹൈക്കോടതി തള്ളി. മാധ്യമങ്ങൾ ഏതെങ്കിലും വ്യക്തികളുടെ മൗലികാവകാശങ്ങൾ ലംഘിച്ചാൽ അവർക്ക് നിയമപരമായ പരിഹാരം തേടാമെന്നും ഹൈക്കോടതി വ്യക്തമാക്കി. അഭിപ്രായ സ്വാതന്ത്ര്യം ഭരണഘടന ഉറപ്പുനല്‍കുന്ന മൗലികാവകാശമാണ്. അഭിപ്രായ സ്വാതന്ത്ര്യത്തെ നിയന്ത്രിക്കാന്‍ ഭരണഘടനാപരമായ മാര്‍ഗമുണ്ടെന്നും കോടതി ഉത്തരവിൽ പറയുന്നു. വിചാരണ കാത്തുകിടക്കുന്നതോ, വിചാരണ നടക്കുന്നതോ ആയ കേസുകളിൽ മാധ്യമങ്ങൾ തീർപ്പ് കൽപ്പിച്ചാൽ ഭരണഘടനാപരമായി മാധ്യമ സ്വാതന്ത്യത്തിന് നൽകുന്ന പരിരക്ഷ ലഭിക്കില്ല. മാധ്യമപ്രവർത്തകരും അഭിഭാഷകരും തമ്മിൽ ഹൈക്കോടതിയിലും തിരുവനന്തപുരം ജില്ലാകോടതിയിലുമടക്കം വാക്കേറ്റമുണ്ടായതിന് പിന്നാലെ ഏറെക്കാലം ഇരുവരും തമ്മിലുള്ള ബന്ധം വഷളായി നിന്നിരുന്ന സാഹചര്യമുണ്ടായിരുന്നു. ഇതിന് തുടർച്ചയായാണ് മാധ്യമ നിയന്ത്രണം ആവശ്യപ്പെട്ടുള്ള നിരവധി ഹർജികൾ ഹൈക്കോടതിയിലെത്തിയത്. മൂന്നം​ഗബെഞ്ച് ആദ്യം വിഷയം പരിശോധിക്കുകയും പിന്നീട് വിശാല ബെഞ്ചിന് വിടുകയുമായിരുന്നു. ഹൈക്കോടതിയുടെ അഞ്ചം​ഗ വിശാല ബെഞ്ചാണ് ഇപ്പോൾ സുപ്രധാന വിധി പറഞ്ഞത്.

Latest News