UAE

യുഎഇയില്‍ പ്രവാസികളായ പ്രൊഫഷണലുകള്‍ക്ക് തിരിച്ചടി… ശമ്പളം കുത്തനെ കുറയും

യുഎഇയിലേക്ക് ദിനംപ്രതി ഫിനാന്‍സ്, അക്കൗണ്ടിംഗ്, ഹ്യൂമന്‍ റിസോഴ്‌സ് മേഖലകളിലല്‍ നിരവധി പേരാണ് തൊഴിലന്വേഷിച്ചെത്തുന്നത്. ഇത് കാരണം ചില മേഖലകളില്‍ തൊഴിലെടുക്കുന്ന പ്രവാസികള്‍ക്ക് ശമ്പളത്തില്‍ വലിയ തോതിലുള്ള കുറവുണ്ടായിരിക്കുകയാണ്. ഫിനാന്‍സ്, അക്കൗണ്ടിംഗ് മേഖകളിലാണ് പണ്ട് മുതല്‍ തൊഴിലെടുക്കുന്ന പ്രവാസികളുണ്ട്. ഉയര്‍ന്ന ശമ്പളം വാങ്ങിയിരുന്ന ഇവര്‍ക്ക് പ്രൊഫഷണലുകളുടെ കുത്തൊഴുക്കോടെ കുറഞ്ഞ ശമ്പളത്തില്‍ തൊഴിലെടുക്കാന്‍ നിര്‍ബന്ധിതരാകേണ്ടിവരുന്നു.മിക്കവര്‍ക്കും എക്‌സ്പീരിയന്‍സ് ഉണ്ടായിട്ടും കുറഞ്ഞ ശമ്പളത്തില്‍ തൊളിലെടുക്കാന്‍ ഫ്രഷേര്‍സുകളെ കിട്ടുന്നതിനാല്‍ ജോലി പോകുമെന്ന് കരുതി ശമ്പളം കൂട്ടി ചോദിക്കാന്‍ പോലും പലരും മടിക്കുകയാണ്.

ഫിനാന്‍സ്, അക്കൗണ്ടിങ് റോളുകള്‍ക്കുള്ള പ്രാരംഭ ശമ്പളം ശരാശരി 2.1 ശതമാനവും ചില കോര്‍പ്പറേറ്റ് അക്കൗണ്ടിങ് റോളുകള്‍ക്ക് 23 ശതമാനവും കുറഞ്ഞു. അക്കൗണ്ടിങ് വൈദഗ്ധ്യമുള്ളവര്‍ക്ക് ഇപ്പോഴും ആവശ്യക്കാരുണ്ടെങ്കിലും കൃത്യമായ സ്പെഷ്യലൈസേഷനില്ലാത്തവര്‍ക്ക് ജോലി കിട്ടുക പ്രയാസമാണ്. പുതിയ പഠനത്തിലെ വെളിപ്പെടുത്തല്‍ ഏതാണ്ട് പ്രവാസികളും ശരിവയ്ക്കുന്നുണ്ട്. വളരെ ചുരുക്കം ചിലര്‍ക്ക് മാത്രമാണ് ഇത്തരത്തില്‍ അനുഭവം നേരിടേണ്ടതായി വന്നിട്ടുള്ളത്. പ്രവാസികളുടെ ഈ കുത്തൊഴുക്ക് യുഎഇയെ തൊഴിലുടമയുടെ വിപണിയാക്കി മാറ്റിയതായും നൈപുണ്യങ്ങളുടെ വലിയ തോതിലുള്ള മിച്ചം ഇതുണ്ടാക്കിയതായും അധികൃതര്‍ അറിയിച്ചു.

റിക്രൂട്ട്‌മെന്റ് കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ റോബര്‍ട്ട് ഹാഫിന്റെ പഠനം പറയുന്നതനുസരിച്ച്, രാജ്യത്തെ പ്രൊഫഷണല്‍ സേവനങ്ങളുമായി ബന്ധപ്പെട്ട ജോലികളുടെ ശരാശരി ആരംഭ ശമ്പളം വര്‍ഷം തോറും 0.7 ശതമാനം കുറഞ്ഞുവരികയാണ്. ഇതുകാരണം രാജ്യത്തെ പകുതിയിലധികം ജീവനക്കാരും അടുത്ത വര്‍ഷം പുതിയ ജോലി തേടിപ്പോവാന്‍ പദ്ധതിയിടുന്നതായും കമ്പനിയുടെ 2025-ലെ ശമ്പള ഗൈഡ് പറയുന്നു.

നിലവിലെ സാഹചര്യത്തില്‍ ഒരു കമ്പനി ഒരു ഒഴിവിലേക്ക് പരസ്യം ചെയ്താല്‍ 2,000 ത്തിലധികം അപേക്ഷകര്‍ ജോലിക്കായി അപേക്ഷിക്കുന്നത് അസാധാരണമായ കാര്യമല്ല. നിയമത്തിലും സാങ്കേതികവിദ്യയിലും കൂടുതല്‍ സവിശേഷമായ റോളുകളിലേക്ക് സാധാരണയായി കുറച്ച് അപേക്ഷകള്‍ മാത്രമേ ലഭിക്കുന്നുള്ളൂ എന്ന് റോബര്‍ട്ട് ഹാഫിലെ മിഡില്‍ ഈസ്റ്റിന്റെ ഡയറക്ടര്‍ ഗാരെത് എല്‍ മെറ്റൂറി പറഞ്ഞു.

അതേസമയം, വിദേശത്തെ തൊഴിലവസരം, പ്രവാസികളെ ലക്ഷ്യമിട്ടുള്ള വ്യാജ നിക്ഷേപ അവസരങ്ങള്‍, മണിച്ചെയിന്‍, സ്റ്റുഡന്റ് വിസാ ഓഫറുകള്‍, വിസിറ്റ് വിസ വഴിയുളള റിക്രൂട്ട്മെന്റ് എന്നിവ സംബന്ധിച്ച് വിവിധ നവമാധ്യമങ്ങളില്‍ വരുന്ന പരസ്യങ്ങള്‍ക്കെതിരേ ജാഗ്രത പാലിക്കണമെന്ന് നോര്‍ക്ക മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇത്തരത്തില്‍ വ്യാജ പരസ്യങ്ങള്‍ നല്‍കി ഉദ്യോഗാര്‍ഥികളെ കബളിപ്പിക്കുന്നുവെന്ന പരാതികള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് ജാഗ്രതാ നിര്‍ദ്ദേശം. പരസ്യങ്ങളിലുളള റിക്രൂട്ട്മെന്റ് ഏജന്‍സി, തൊഴില്‍ നല്‍കുന്ന സ്ഥാപനം എന്നിവയുടെ നിജസ്ഥിതി പ്രാഥമികമായി ഉറപ്പാക്കേണ്ടതാണ്. വിദേശകാര്യ മന്ത്രാലയത്തിന്റെ ഇ മൈഗ്രേറ്റ് പോര്‍ട്ടല്‍ മുഖേന റിക്രൂട്ട്മെന്റ് ഏജന്‍സിക്ക് അംഗീകാരമുള്ളതാണോയെന്ന് പരിശോധിക്കാന്‍ കഴിയും.

Tags: gulf