സന്ദർശകരുടെ ഇഷ്ടകേന്ദ്രമാണ് തിരുവനന്തപുരം ജില്ലയിലെ പോത്തൻകോടിനടുത്തുള്ള വെള്ളാണിക്കൽപാറ. അധികം ആർക്കും അറിയാത്ത ആളൊഴിഞ്ഞ കൃഷിയിടങ്ങളും ചെറു കാടുകളും നിറഞ്ഞ മനോഹരസ്ഥലമായിരുന്നു ഇവിടമെങ്കിൽ കേട്ടറിഞ്ഞ് നിരവധിപേർ ഇപ്പോൾ വെള്ളാണിക്കൽപാറയിലേക്ക് എത്തുന്നുണ്ട്. പ്രദേശവാസികളുടെയും ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവരുടെയും പ്രിയപ്പെട്ട വിനോദ സഞ്ചാര കേന്ദ്രമാണ് ഇവിടം.
വെഞ്ഞാറമൂട്-ആറ്റിങ്ങൽ റൂട്ടിൽ നിന്ന് 500മീറ്റർ മുന്നോട്ട് പോയി ഇടത്തോട്ട് തിരിഞ്ഞ് വേങ്ങോട് റോഡുവഴി 4.5കിലോമീറ്റർ സഞ്ചാരിച്ചാൽ വെള്ളാണിക്കൽ പാറയിലെത്താം. നല്ല തണുത്ത കാറ്റും ചെറുകോടമഞ്ഞും ഒക്കെയായി മനോഹരമാണ് ഇവിടം. സഞ്ചാരികളെ ആകർഷിക്കുമെന്നതിൽ ഒരു സംശയവുമില്ല. ചെറു ചാറ്റൽമഴകൂടിയായാൽ പിന്നെ അതിഗംഭീരം. വാഹനം മുകളിൽവരെ എത്തുന്നതിനാൽ ചെറിയ ദൂരം മാത്രമേ നടക്കേണ്ടതുള്ളൂ. പച്ചപ്പരവതാനി പുതച്ചു കിടക്കുന്ന മലമുകളിലായി ഒരു വാച്ച്ടവറും, പാറമുകൾ അമ്പലവുമുണ്ട്. മുകളിൽ നിന്ന് താഴേക്ക് നോക്കുമ്പോൾ കണ്ണിനുകുളിർമയായി നല്ല അടിപൊളി വ്യൂപോയിന്റും. സഹ്യന്റെ പച്ചപ്പും അറബിക്കടലിന്റെ അസ്തമയ കാഴചയുമെല്ലാം ഇവിടെ എത്തുന്നവരിൽ നിറയ്ക്കുന്നത് വല്ലാത്തൊരു അനുഭൂതിയാണ്. പോകുന്നവഴിതന്നെ ഒരു കൊച്ചുകാട്ട് പ്രദേശമാണ്. തിരികെ വരുമ്പോൾ വന്ന വഴി തന്നെവരാതെ മലമുകളുളേക്കുള്ള എൻട്രിയിൽ നിന്നും ഇടത് തിരിഞ്ഞു മുന്നോട്ട് പോയാൽ പാറയുടെ ഒരു വശമുള്ള മുഴുവൻ കാഴ്ചകളും ആസ്വദിക്കാൻ കഴിയും.
പ്രദേശത്തിന്റെ സുരക്ഷാചുമതല പോത്തൻകോട്, വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷനുകൾക്കാണ്. എന്നാൽ, കുറച്ചുകാലമായി പോത്തൻകോട് പൊലീസ് സ്റ്റേഷന് സ്വന്തമായി വാഹനം ഇല്ലാത്തതിനാൽ പട്രോളിങ്ങും കുറവാണ്. അതുകൊണ്ടുതന്നെ രാത്രികാലങ്ങളിൽ സാമൂഹ്യവിരുദ്ധരുടെ താവളം കൂടിയായി വെള്ളാണിക്കൽപാറ മാറിയിട്ടുണ്ട്. സമുദ്ര നിരപ്പിൽ നിന്ന് ഏകദേശം 1350 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഈ പ്രദേശം സഞ്ചാരികളെ ആകർഷിക്കുന്ന ഇക്കോ ടൂറിസം കേന്ദ്രമാക്കണമെന്നാണ് പ്രദേശവാസികളുടെയും ജനപ്രതിനിധികളുടെയും ആഗ്രഹം.