തിരുവനന്തപുരം നഗരത്തിൽ വിവിധയിടങ്ങളിൽ ജലവിതരണം മുടങ്ങും. തിരുവനന്തപുരം ശാസ്തമംഗലം ജംഗ്ഷനിൽ വാട്ടർ അതോറിറ്റിയുടെ പൈപ്പ് ലൈനിലുണ്ടായ ചോർച്ച പരിഹരിക്കുന്നതിനായി അടിയന്തരഅറ്റകുറ്റപ്പണി നടക്കുന്നതാണ് ജലവിതരണം തടസപ്പെടാനുള്ള കാരണം. 08 /11 /24 ന് രാത്രി എട്ടു മണി മുതൽ 09 /11/24 രാത്രി എട്ടു മണി വരെയാണ് ജലവിതരണം മുടങ്ങുക. ശാസ്തമംഗലം, പൈപ്പിന്മൂട്, ഊളൻപാറ, വെള്ളയമ്പലം, കവടിയാർ, നന്തൻകോട്, ജവഹർനഗർ എന്നീ സ്ഥലങ്ങളിലാണ് ജലവിതരണം തടസ്സപ്പെടുക. ഉപഭോക്താക്കൾ വേണ്ട മുൻകരുതൽ സ്വീകരിക്കേണ്ടതാണെന്ന് വാട്ടർ അതോറിറ്റി അറിയിച്ചു.
ഈ മാസം ആദ്യമുണ്ടായ കുടിവെള്ളപ്രശ്നത്തിൽ തലസ്ഥാനനഗരവാസികൾ പ്രതിസന്ധി നേരിട്ടിരുന്നു. പറഞ്ഞസമയത്ത് ജലവിതരണം പുനഃസ്ഥാപിക്കാൻ കഴിയാതിരുന്നതാണ് പ്രശ്നങ്ങൾ കാരണമായത്. മുന്നറിയിപ്പ് നൽകാത്ത സ്ഥലങ്ങളിലും ജലവിതരണം തടസപ്പെട്ടതിനാൽ ജനങ്ങൾ ഏറെ ബുദ്ദിമുട്ടി. 09 /11/24 ന് തീരുമെന്ന് അറിയിച്ച ഈ അറ്റകുറ്റപ്പണികൾ തീരാൻ വൈകിയാൽ കുടിവെള്ളമില്ലാതെ ആളുകൾ പ്രയാസപ്പെടും. തലസ്ഥാന നഗരിയിലെ ജലവിതരണത്തിൽ ഇടക്കിടെ പ്രശ്നങ്ങളുണ്ടാകാറുണ്ട്, ഇത് വിവാദങ്ങളിലേക്കും വഴിവെക്കാറുണ്ട്.