Science

കവിളുകൾ ഒട്ടി, മെലിഞ്ഞ് ക്ഷീണിതയായി സുനിത വില്യംസ്; ആശങ്കവേണ്ടെന്ന് നാസ

സുനിത വില്യംസിൻ്റെ ആരോ​ഗ്യനില തൃപ്തികരമാണെന്ന വിശദീകരണവുമായി നാസ. സ്റ്റാര്‍ലൈനര്‍ പേടകത്തിന്‍റെ സാങ്കേതിക തകരാറിനെ തുടര്‍ന്ന് ബഹിരാകാശത്ത് കുടുങ്ങിയ സുനിത വില്യംസിന്റെ കവിളുകൾ ഒട്ടി ശരീരം മെലിഞ്ഞിരിക്കുന്ന ചിത്രം കണ്ട് ആരോ​ഗ്യവിദ​ഗ്ധർ ആശങ്കപ്രകടിപ്പിച്ചതിന് പിന്നാലെയാണ് നാസയുടെ വിശദീകരണം. അന്താരാഷ്ട്ര ബഹിരാകാശനിലയത്തിലെ പതിവ് മെഡിക്കൽ പരിശോധനയ്ക്ക് സുനിത വിധേയയാകാറുണ്ടെന്നും എല്ലാവരും സുഖമായിരിക്കുന്നുവെന്നുമാണ് നാസ പറയുന്നത്. നാസ ബഹിരാകാശയാത്രികൻ പുറത്തുവിട്ട ചിത്രം പ്രചരിച്ചതോടെയാണ് സുനിതയുടെ ആരോ​ഗ്യനില മോശമാണെന്ന വാർത്തകൾ പരന്നത്. ഊര്‍ജനഷ്ടം ഒഴിവാക്കുന്നതിനായി ബഹിരാകാശ യാത്രികര്‍ പൊതുവേ വളരെ പരിമിതമായ അളവില്‍ മാത്രമാണ് ആഹാരം കഴിക്കുന്നത്. ഭക്ഷണം കുറയ്ക്കുന്നതിന് പുറമെ പേശികളുടെ ആരോഗ്യം നിലനിര്‍ത്താനും എല്ലുകളുടെ സംരക്ഷണത്തിനുമായി ദിവസം രണ്ടര മണിക്കൂറില്‍ കുറയാതെ ഇവര്‍ വ്യായാമവും ചെയ്യും. ഇതെല്ലാം കാരണം ശരീരം ക്ഷീണിക്കുക സ്വാഭാവികമാണ്. അതുകൊണ്ട് തന്നെ ആരോഗ്യം മോശമാണെന്ന് പറയാന്‍ കഴിയില്ല.


സുനിത വില്യംസും സഹബഹിരാകാശ സഞ്ചാരി ബാരി വിൽമോറും ജൂണ്‍ ഏഴിന് അന്താരാഷ്ട്ര ബഹിരാകാശനിലയത്തിലെത്തി ജൂണ്‍ 13ന് മടങ്ങാനായിരുന്നു പദ്ധതി. എന്നാൽ ഇരുവരും അവിടെ കുടുങ്ങിപ്പോവുകയായിരുന്നു. അടുത്ത വർഷം ഫെബ്രുവരിയിൽ ഇരുവരെയും ഭൂമിയിലേക്ക് എത്തിക്കും.

Latest News