Environment

ആമസോൺ നദി നശിക്കുന്നു; ലോകം വരൾച്ചയിലേക്കോ ..? | changes-in-global-climate-have-now-begun-to-affect-the-amazon-river-as-well

ആഗോളകാലാവസ്ഥയിലെ മാറ്റങ്ങള്‍ ഇപ്പോള്‍ ആമസോണ്‍ നദിയേയും ബാധിച്ച് തുടങ്ങിയിട്ടുണ്ട് എന്നാണ് റിപ്പോർട്ടുകൾ. ചൂട് കൂടുന്നതിന് അനുസരിച്ച് ആമസോണ്‍ നദിയിലും കാര്യമായ മാറ്റങ്ങള്‍ പ്രകടമാണ്. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി നദിയില്‍ വരള്‍ച്ചയും കണ്ടുതുടങ്ങി. ഇതോടെ ഈ നദിയെ ആശ്രയിച്ച് കഴിയുന്ന ലക്ഷക്കണക്കിന് ജനങ്ങളെയാണ് ഇത് ബാധിക്കുക. ഐക്യരാഷ്ട്രസഭയുടെ കണക്കനുസരിച്ച്, ആമസോണ്‍ തടത്തിലെ 420,000-ലധികം കുട്ടികളെ ‘അപകടകരമായ തോതിൽ’ ജലക്ഷാമവും വരള്‍ച്ചയും ബാധിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം മുതല്‍ തുടരുന്ന റെക്കോര്‍ഡ് വരള്‍ച്ച, ബോട്ട് കണക്ഷനുകളെ ആശ്രയിക്കുന്ന ബ്രസീലിലെയും കൊളംബിയയിലെയും പെറുവിലെയും തദ്ദേശീയരെയും മറ്റ് കമ്മ്യൂണിറ്റികളെയും ബാധിക്കുന്നുവെന്ന് യുഎന്‍ ചില്‍ഡ്രന്‍സ് ഫണ്ട്, (യുനിസെഫ്) അസര്‍ബൈജാനിലെ ബാകുവില്‍ നടക്കുന്ന COP29 കാലാവസ്ഥാ വ്യതിയാന ഉച്ചകോടിക്ക് മുന്നോടിയായി പറഞ്ഞു.

ആമസോണിലെ വരള്‍ച്ച ആവാസവ്യവസ്ഥയുടെ നാശത്തിന് കാരണമായേക്കും. മതിയായ ഭക്ഷണം, വെള്ളം, ആരോഗ്യ സംരക്ഷണം, സ്‌കൂളുകള്‍ എന്നി അടിസ്ഥാന സൗകര്യങ്ങൾ പോലും ഇല്ലാത്ത നിരവധി കുട്ടികളാണ് നിലവിലുള്ളത്. ആമസോണിലുണ്ടാകുന്ന ഒരു ചെറിയ മാറ്റം പോലും നമ്മുടെ എല്ലാവരുടെയും ആരോഗ്യത്തെ ബാധിക്കുന്നു. ഭക്ഷ്യ അരക്ഷിതാവസ്ഥ കുട്ടികളുടെ പോഷകാഹാരക്കുറവിന്റെ അപകടസാധ്യത വര്‍ധിപ്പിച്ചു. അതേസമയം കുടിവെള്ളത്തിന്റെ കുറവ് കുട്ടികള്‍ക്കിടയില്‍ പകര്‍ച്ചവ്യാധികൾ പെരുകാനും ഇടയാക്കുന്നുണ്ട്.ബ്രസീലിലെ ആമസോണ്‍ മേഖലയില്‍ മാത്രം 1,700-ലധികം സ്‌കൂളുകളും 760-ലധികം മെഡിക്കല്‍ ക്ലിനിക്കുകളും നദിയിലെ ജലനിരപ്പ് താഴ്ന്നതിനാല്‍ അടച്ചിട്ടു. കൊളംബിയയില്‍ മാത്രം കുടിവെള്ളത്തിന്റെയും ഭക്ഷണത്തിന്റെയും അഭാവം 130 സ്‌കൂളുകളെ ക്ലാസുകള്‍ നിര്‍ത്തിവയ്ക്കാന്‍ നിര്‍ബന്ധിതരാക്കി. പെറുവില്‍ 50-ലധികം ക്ലിനിക്കുകള്‍ അടച്ചിട്ടു.

ഈ മൂന്ന് രാജ്യങ്ങളിലെയും ദുരിതമനുഭവിക്കുന്ന കമ്മ്യൂണിറ്റികളെ സഹായിക്കാന്‍ വരും മാസങ്ങളില്‍ 10 മില്യണ്‍ ഡോളര്‍ ആവശ്യമാണെന്ന് യുണിസെഫ് പറഞ്ഞു. ആ പ്രദേശങ്ങളിലേയ്ക്ക് വെള്ളം നല്‍കിയും ആരോഗ്യ പ്രവര്‍ത്തരെ അയച്ചും പ്രശ്നം പരിഹരിക്കാന്‍ യൂണിസെഫിന്റെ നേതൃത്വത്തില്‍ ഊര്‍ജ്ജിത പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. യുണൈറ്റഡ് സ്റ്റേറ്റ്സ് ബഹിരാകാശ ഏജന്‍സിയായ നാസയുടെ എര്‍ത്ത് ഒബ്സര്‍വേറ്ററിയും യൂറോപ്യന്‍ യൂണിയന്റെ കോപ്പര്‍നിക്കസ് കാലാവസ്ഥാ നിരീക്ഷണ ഏജന്‍സിയും പറയുന്നത്, കഴിഞ്ഞ വര്‍ഷത്തിന്റെ അവസാന പകുതി മുതല്‍ ആമസോണ്‍ തടത്തിലുടനീളം വരള്‍ച്ചയുണ്ടായത് 2023-2024 ലെ പസഫിക്കിലെ എല്‍ നിനോ കാലാവസ്ഥാ പ്രതിഭാസം മൂലമാണെന്നാണ്.

തെക്കെ അമേരിക്കന്‍ ഭൂഖണ്ഡത്തിലെ നദിയാണ് ആമസോണ്‍. ഒഴുകുന്ന ജലത്തിന്റെ അളവനുസരിച്ച് ലോകത്തിലെ ഏറ്റവും വലിയ നദിയാണ് ഇത്, ഇതിലൂടെ ഒഴുകുന്ന വെള്ളത്തിന്റെ അളവ് ഇതിന് ശേഷം സ്ഥാനം വരുന്ന പത്ത് നദികളിലൂടെ ഒഴുകുന്ന മൊത്തം വെള്ളത്തിന്റെ അളവിനേക്കാള്‍ കൂടുതലാണ്. ആമസോണിനാണ് ലോകത്തെ ഏറ്റവും വലിയ നീര്‍ത്തടവ്യവസ്ഥയുള്ളത്. നിറഞ്ഞൊഴുകുന്ന സമയം നദിയുടെ ശരാശരി ആഴം 40 മീറ്ററും (131 അടി) വീതി ഏകദേശം 40 കി.മീറ്ററും (25 മൈല്‍) ആയി മാറുന്നു. നവംബറോടുകൂടി ഒഴുക്ക് വര്‍ധിക്കാന്‍ തുടങ്ങുകയും ജൂണ്‍ വരെ ഇത് വര്‍ധിക്കുകയും ചെയ്യുന്നു, ശേഷം ഒക്ടോബര്‍ അവസാനം വരെ ഒഴുക്കില്‍ കുറവ് ഉണ്ടാകുന്നു.

ആമസോണില്‍ നിന്ന് അറ്റ്‌ലാന്റിക്ക് സമുദ്രത്തിലേക്ക് വന്നുചേരുന്ന ജലത്തിന്റെ അളവ് ഭീമമാണ്. വര്‍ഷകാലത്ത് 300,000 ക്യുബിക്ക് മീറ്റര്‍ വരെയാകും ഇത്. ലോകത്ത് സമുദ്രങ്ങളിലേക്ക് ഒഴുകിയെത്തുന്ന ശുദ്ധജലത്തിന്റെ അഞ്ചിലൊന്നും ആമാസോണില്‍ നിന്നാണ്. ആമസോണ്‍ സമുദ്രത്തില്‍ വന്നുചേരുന്ന ഭാഗത്ത് കരകാണപ്പെടാത്തത്ര ദൂരെ നിന്ന്‌പോലും കുടിക്കാനാവശ്യമായ വെള്ളം എടുക്കാന്‍ കഴിയും, കരയില്‍ നിന്ന് അഞ്ഞൂറ് കിലോ മീറ്റര്‍ അകലെ വരെയുള്ള സമുദ്രജലത്തിന്റെ ലവണാംശം താഴ്ന്ന നിലയിലാകാന്‍ ഇതില്‍ നിന്നുള്ള ശുദ്ധജലത്തിന്റെ ഒഴുക്ക് കാരണമാകുകയും ചെയ്യുന്നു. എന്നാലിപ്പോള്‍ ഈ നദിയുമായി ബന്ധപ്പെട്ട് ഞെട്ടിക്കുന്ന വിവരങ്ങളാണ് യു.എന്‍ പുറത്തുവിട്ടിരിക്കുന്നത്.

ലോകത്തുള്ള ജൈവ ജീവികളില്‍ മൂന്നിലൊന്നില്‍ കൂടുതല്‍ ആമസോണ്‍ ഉഷ്ണമേഖലാ മഴക്കാടുകളിലാണ് കാണപ്പെടുന്നത്. വളരെ വിശാലമായ ഉഷ്ണമേഖല വനവും കൂടെ നദീതടവ്യവസ്ഥയും 5.4 ദശലക്ഷം ചതുരശ്ര കി.മീ ( 2,100,000 ച.മൈല്‍) വിസ്തൃതിയുള്ള ഇത് ലോകത്തില്‍ തന്നെ ഏറ്റവും ജൈവസമ്പുഷ്ടമായ ഉഷ്ണമേഖല വനമാണ്. ആമസോണിലെ മഴക്കാടുകളിലെ അര്യാപ്തമായ മഴയും, സുപ്രധാനമായ മഴക്കാടുകളിലെ നദികളുടെ ചുരുങ്ങലും, കാട്ടുതീയും എല്ലാം ആമസോണ്‍ നദിയിലെ വരള്‍ച്ചയ്ക്ക് വഴിവെച്ചിട്ടുണ്ട്.
നദിയിലെ വരൾച്ചയെ തുടര്‍ന്ന് ബ്രസീല്‍, ബൊളീവിയ, കൊളംബിയ, ഇക്വഡോര്‍, പെറു, വെനിസ്വേല എന്നിവയുടെ ചില ഭാഗങ്ങളില്‍ വിളകള്‍ ഉണങ്ങുകയും ചെയ്തു. ബ്രസീലിലെ ആമസോണിലെ വനനശീകരണം കഴിഞ്ഞ ഒരു വര്‍ഷമായി 30 ശതമാനം കുറഞ്ഞുവെന്നാണ് ബ്രസീലിയന്‍ സര്‍ക്കാരിന്റെ റിപ്പോര്‍ട്ട്. എന്നാല്‍ ഭാവിയില്‍ ആമസോണിനെ ബാധിക്കുന്ന മാറ്റങ്ങള്‍ വലിയ തോതില്‍ തെക്കേ അമേരിക്കയിലെ ജനങ്ങളെ സ്വാധീനിക്കാനിടയുണ്ടെന്നാണ് റിപ്പോര്‍ട്ട്. അതുകൊണ്ട് തന്നെ ആമസോണ്‍ നദിയിലുണ്ടാകുന്ന നേരിയ മാറ്റങ്ങൾ പോലും ലോകത്തെ ബാധിക്കുമെന്നതിൽ സംശയമില്ല.

STORY HIGHLLIGHTS : changes-in-global-climate-have-now-begun-to-affect-the-amazon-river-as-well