കണ്ണൂര്‍: എഡിഎം നവീൻ ബാബുവിന്‍റെ ആത്മഹത്യ കേസിൽ റിമാൻഡിൽ കഴിയുന്ന പി.പി ദിവ്യ സമർപ്പിച്ച ജാമ്യഹർജിയിൽ വിധി ഇന്ന്. തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജ് കെ.ടി നിസാർ അഹമ്മദാണ് വിധി പറയുക. അന്വേഷണവുമായി സഹകരിച്ചെന്നും ജാമ്യം നൽകണമെന്നുമാണ് ദിവ്യയുടെ വാദം. എഡിഎം കൈക്കൂലി വാങ്ങിയതിന് സാഹചര്യത്തെളിവുകളുണ്ടെന്നും ആരോപണം നല്ല ഉദ്ദേശത്തിലെന്നും വാദിച്ച പ്രതിഭാഗം യാത്രയയപ്പ് യോഗത്തിലെ സംസാരം ഒഴിവാക്കേണ്ടതായിരുന്നുവെന്ന് കോടതിയിൽ സമ്മതിച്ചിരുന്നു.
എന്നാൽ ജാമ്യം നൽകുന്നതിനെ പ്രോസിക്യൂഷനും നവീൻ ബാബുവിന്‍റെ കുടുംബവും എതിർത്തു. ഹർജിയിൽ ചൊവ്വാഴ്ച കോടതി വിശദമായി വാദം കേട്ടിരുന്നു. കേസിൽ കഴിഞ്ഞ 11 ദിവസമായി പള്ളിക്കുന്ന് വനിതാ ജയിലിലാണ് ദിവ്യ. 14 ദിവസത്തേക്കാണ് ദിവ്യയെ കോടതി റിമാൻഡ് ചെയ്തത്.