ന്യൂഡൽഹി / വാഷിങ്ടൻ: യുഎസ് നിയുക്ത പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫോണിൽ വിളിച്ച് അഭിനന്ദിച്ചു. ഇന്ത്യയിലെയും യുഎസിലെയും ജനങ്ങളുടെ ഉന്നമനത്തിനും ആഗോള സമാധാനത്തിനും വേണ്ടി ഒരുമിച്ചു പ്രവർത്തിക്കുന്നതിനെക്കുറിച്ച് ഇരുനേതാക്കളും ചർച്ച ചെയ്തുവെന്നു വിദേശകാര്യ മന്ത്രാലയം വക്താവ് രൺധീർ ജയ്സ്വാൾ മാധ്യമങ്ങളോടു പറഞ്ഞു.
വോട്ടെണ്ണൽ തുടരുന്ന സംസ്ഥാനങ്ങളായ അരിസോനയിലും നെവാഡയിലും ട്രംപ് ആണു മുൻപിൽ. കമലയ്ക്ക് 226 വോട്ടാണു കിട്ടുക. (നിലവിൽ ട്രംപ് 295, കമല 226 എന്നാണു നില.) ഇഞ്ചോടിഞ്ചു പോരാട്ടം നടന്ന 7 ചാഞ്ചാട്ട സംസ്ഥാനങ്ങളും ട്രംപിന്റെ കയ്യിലാകും. ജനകീയ വോട്ടിലും ട്രംപ് ആണ് മുന്നിൽ. 20 വർഷത്തിനിടെ ആദ്യമായാണ് ജനകീയ വോട്ടിൽ റിപ്പബ്ലിക്കൻ പാർട്ടി ഒന്നാമതെത്തുന്നത്.
ലഭ്യമായ ഫലമനുസരിച്ചു ട്രംപിനു കമലയെക്കാൾ 50 ലക്ഷത്തിലേറെ വോട്ടുകൾ ലഭിച്ചു. സെനറ്റിലും ട്രംപിന്റെ റിപ്പബ്ലിക്കൻ പാർട്ടി വ്യക്തമായ ഭൂരിപക്ഷം നേടി. ജനപ്രതിനിധി സഭയിലും റിപ്പബ്ലിക്കൻ പാർട്ടിക്കാണു മുൻതൂക്കമെങ്കിലും ഭൂരിപക്ഷം നേടിയിട്ടില്ല. ട്രംപിനെതിരായ കേസുകൾ അധികാരമേൽക്കും മുൻപേ റദ്ദാക്കാനും നടപടി ആരംഭിച്ചു.