കൊൽക്കത്ത: ഇംഫാൽ ഈസ്റ്റ്- കാങ്പോക്പി അതിർത്തിയിൽ കുക്കി സായുധ സംഘവും ഗൂർഖ റജിമെന്റും തമ്മിൽ രൂക്ഷമായ വെടിവയ്പ്. ഇംഫാൽ ഈസ്റ്റിലെ അതിർത്തിയിലെ കൃഷി ഭൂമിയിൽ ജോലി ചെയ്യുന്നവർക്കു നേരെ കുക്കി കുന്നുകളിൽ നിന്നു വെടിവയ്പു നടത്തി. തുടർന്ന് അതിർത്തിയിൽ കാവൽനിൽക്കുന്ന ഗൂർഖാ റജിമെന്റ് തിരികെ വെടിവച്ചു.
അതേസമയം, മണിപ്പുരിൽ നാഗാ ഗോത്രങ്ങളും മെയ്തെയ്കളും സംഘർഷത്തിന്റെ വക്കിലെത്തി. 2 നാഗാ ബിസിനസുകാരെ മെയ്തെയ് സായുധ ഗ്രൂപ്പായ ആരംഭായ് തെംഗോൽ അംഗങ്ങൾ തട്ടിക്കൊണ്ടുപോയി പണം പിടുങ്ങാകാൻ ശ്രമിച്ചതിനെത്തുടർന്നാണു സംഘർഷം. നാഗാ ഭൂരിപക്ഷ ജില്ലയായ സേനാപതിയിൽ 48 മണിക്കൂർ ബന്ദ് ആചരിച്ചു.
സംഭവത്തിൽ ക്ഷമാപണം നടത്തിയില്ലെങ്കിൽ ഇംഫാലിലേക്കുള്ള വാഹനങ്ങളും ചരക്കുനീക്കവും തടയുമെന്ന് നാഗാ സംഘടനകൾ മുന്നറിയിപ്പുനൽകി. കേസിൽ ആരംഭായ് തെംഗോലിന്റെ ഒരു പ്രവർത്തകനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കുറ്റക്കാർക്കു നേരെ നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രിയും പറഞ്ഞു. മണിപ്പുർ കലാപത്തിൽ ഇരു വിഭാഗങ്ങളിൽ നിന്നും തുല്യ അകലം പാലിച്ചിരിക്കുകയായിരുന്നു നാഗാ ഗോത്രങ്ങൾ.