ഡല്‍ഹി: ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢിന് ഇന്ന് സുപ്രിം കോടതിയിൽ അവസാന പ്രവൃത്തിദിനം. ചീഫ് ജസ്റ്റിസ് പദവിയിൽ നിന്ന് മറ്റന്നാൾ വിരമിക്കും. ജസ്റ്റിസ് സഞ്ജീവ് ഖന്ന തിങ്കളാഴ്ച ചീഫ് ജസ്റ്റിസായി ചുമതലയേൽക്കും. ചരിത്രപരമായ വിധിന്യായങ്ങൾ പുറപ്പെടുവിച്ചാണ് ചന്ദ്രചൂഢ് പടിയിറങ്ങുന്നത്. സ്വകാര്യത മൗലികഅവകാശമാണോ എന്ന ചോദ്യത്തിന് അതേയെന്ന് തന്നെയായിരുന്നു ചന്ദ്രചൂഢ് എഴുതിയ വിധിന്യായം. സ്വവർഗ ലൈംഗികത കുറ്റകൃത്യമാക്കിയ 19-ാം നൂറ്റാണ്ടിലെ നിയമം അദ്ദേഹം കാറ്റിൽപറത്തി.
വിവിധ കേസുകളിൽ അർണാബ് ഗോസ്വാമി മുതൽ ആൾട്ട് സഹസ്ഥാപകൻ സുബൈർ വരെയുള്ളവർക്ക് ജാമ്യം നൽകി. ഭരണഘടനാ മൂല്യങ്ങളെ അരക്കിട്ട് ഉറപ്പിക്കുന്ന എഡിഎം ജബൽപൂർ വിധി ന്യായത്തിലൂടെ പിതാവും മുൻ ചീഫ് ജസ്റ്റിസുമായ വൈ.വി ചന്ദ്രചൂഢിന്‍റെ വിധിയേയും തള്ളിക്കളഞ്ഞു. അവസാന വർഷം മാത്രം 18 ഭരണഘടന ബെഞ്ചിൽ തീരുമാനമെടുത്തു. അയോധ്യ, ശബരിമല യുവതി പ്രവേശനമടക്കമുള്ള ബഞ്ചുകളിൽ നിർണായക വിധി ഡിവൈ ചന്ദ്രചൂഢിന്‍റെതാണ്. ആർജ്ജവമുള്ള വിധികളുടെ പേരിൽ കയ്യടി നേടിയപ്പോഴും വിട്ടുകൊടുക്കാതെ വിമർശർ എന്നും ഒപ്പമുണ്ടായിരുന്നു. അവസാന ദിവസവും കോടതിയിൽ കർമ്മനിരതനാണ് ചന്ദ്രചൂഢ്. ഉച്ചയ്ക്ക് രണ്ട് മണിക്ക് കോടതി മുറിയ്ക്കുള്ളിൽ യാത്രയയപ്പ് യോഗം നടക്കും.