തിരുവനന്തപുരം: മൊബൈൽ ഫോൺ വഴി മുഖം തിരിച്ചറിയുന്ന ആപ്ലിക്കേഷനിലൂടെ റേഷൻ മസ്റ്ററിങ് നടത്താൻ നാഷനൽ ഇൻഫോർമാറ്റിക്‌സ് സെന്റർ (എൻഐസി) വികസിപ്പിച്ചെടുത്ത മേരാ ഇ-കെവൈസി ഫെയ്സ് ആപ് ഫീസ് ഈടാക്കി ഉപയോഗിക്കുന്നതിന് എതിരെ ഭക്ഷ്യപൊതുവിതരണ വകുപ്പ് രംഗത്ത്.
ഏതെങ്കിലും സ്ഥാപനമോ വ്യക്തിയോ ഫീസ് ഈടാക്കി റേഷൻ മസ്റ്ററിങ് നടത്തിയാൽ ആ വിവരം താലൂക്ക് സപ്ലൈ ഓഫിസിലോ ജില്ലാ സപ്ലൈ ഓഫിസിലോ സിവിൽ സപ്ലൈസ് കമ്മിഷണറേറ്റിലോ അറിയിക്കണമെന്ന് പൊതുവിതരണ ഉപഭോക്തൃ കമ്മിഷണർ നിർദേശം നൽകി. ജനങ്ങൾക്ക് ഓൺലൈൻ സേവനങ്ങൾ നൽകുന്ന ചില കേന്ദ്രങ്ങൾ ഇത്തരത്തിൽ ഫീസ് ഈടാക്കി മസ്റ്ററിങ് നടത്താമെന്നു പരസ്യം നൽകിയതു ശ്രദ്ധയിൽപെട്ടതോടെയാണു കമ്മിഷണറുടെ വാർത്താക്കുറിപ്പ്.
മേരാ ഇ-കെവൈസി ആപ് ഉപയോഗിച്ച് പൊതുവിതരണ വകുപ്പ് ഉദ്യോഗസ്ഥർ പൂർണമായും സൗജന്യമായി മസ്റ്ററിങ് ചെയ്യും. മസ്റ്ററിങ് ഇതുവരെ ചെയ്യാത്ത ഗുണഭോക്താക്കൾക്ക് ഈ സേവനം താലൂക്ക് സപ്ലൈ ഓഫിസ് വഴി ലഭിക്കും.