India

എസ്.ജയശങ്കറിന്റെ അഭിമുഖം സംപ്രേഷണം ചെയ്ത ഓസ്ട്രേലിയൻ മാധ്യമത്തിന് വിലക്ക്: കാനഡയുടെ നടപടിയെ വിമർശിച്ച് ഇന്ത്യ

ഡൽഹി: വിദേശകാര്യ മന്ത്രി എസ്.ജയശങ്കറിന്റെ അഭിമുഖം സംപ്രേഷണം ചെയ്ത ഓസ്ട്രേലിയൻ മാധ്യമത്തെ വിലക്കി കാനഡ. ഓസ്ട്രേലിയൻ ടുഡേയുടെ സമൂഹമാധ്യമ ഹാൻഡിലുകളും പേജുകളുമടക്കമാണ് കാനഡയിൽ ബ്ലോക്ക് ചെയ്തത്. എസ്.ജയശങ്കറും ഓസ്ട്രേലിയൻ വിദേശകാര്യ മന്ത്രി പെന്നി വോങുമായി നടത്തിയ അഭിമുഖം കഴിഞ്ഞ ദിവസമാണ് ഓസ്ട്രേലിയൻ ടുഡേ പ്രസിദ്ധീകരിച്ചത്.

അതേസമയം, കാനഡയുടെ നടപടിയെ ശക്തമായ ഭാഷയിൽ എതിർത്ത് ഇന്ത്യ രംഗത്തെത്തി. ഇത്തരം പ്രവർത്തനങ്ങൾ അഭിപ്രായ സ്വാതന്ത്ര്യത്തോടുള്ള കാനഡയുടെ കാപട്യം നിറഞ്ഞ സമീപനത്തെയാണ് ഉയർത്തിക്കാട്ടുന്നതെന്ന് ഇന്ത്യ വിമർശിച്ചു. കാനഡയുടെ നടപടി വിചിത്രമാണെന്നും തെളിവുകളില്ലാതെ ആരോപണം ഉന്നയിക്കുന്നതാണ് കാനഡയുടെ രീതിയെന്നും ഇന്ത്യ തുറന്നടിച്ചു.

നാലുദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിന്റെ ഭാഗമായി നവംബര്‍ മൂന്നിനാണ് ജയ്‌ശങ്കര്‍ ഓസ്‌ട്രേലിയയില്‍ എത്തിയത്. തുടർന്ന് നടത്തിയ ഔദ്യോഗിക വാര്‍ത്താസമ്മേളനത്തില്‍ കാനഡയിലെ ഖാലിസ്‌താന്‍ പ്രതിഷേധങ്ങളെപ്പറ്റി പെന്നി വോങും ജയ്‌ശങ്കറും അഭിപ്രായപ്രകടനം നടത്തിയിരുന്നു. പിന്നാലെ ഇത് സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതോടെയാണ് ഓസ്‌ട്രേലിയ ടുഡേ എന്ന ഓസ്‌ട്രേലിയന്‍ മാധ്യമത്തിന് കാനഡ നിരോധനം ഏർപ്പെടുത്തിയത്. മാധ്യമസ്വാതന്ത്ര്യത്തിന്‍ മേലുള്ള കാനഡയുടെ കടന്നുകയറ്റമാണിതെന്ന് ഇന്ത്യ അപലപിച്ചു.

നവംബർ 3ന് കാനഡയിലെ ബ്രാംപ്‌ടണിലുള്ള ഒരു ഹിന്ദു ക്ഷേത്രത്തിനു നേരെ ഖലിസ്ഥാൻ വാദികൾ ആക്രമണം നടത്തിയിരുന്നു. ആക്രമണത്തെ അപലപിച്ച പ്രധാനമന്ത്രി നരേന്ദ്രമോദി കാനഡയിലെ ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്താനുള്ള ഭീരുത്വ ശ്രമങ്ങളെ വിമർശിക്കുകയും ചെയ്തു. ഖലിസ്ഥാന്‍ ഭീകരൻ ഹർദീപ് സിങ് നിജ്ജാറിനെ കൊലപ്പെടുത്തിയതിൽ ഇന്ത്യൻ ഏജന്റുമാർക്ക് പങ്കുണ്ടെന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പരാമർശിച്ചതോടെയാണ് ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്ര ബന്ധം മോശമായത്.