Kerala

കാണാതായ ഡപ്യൂട്ടി തഹസിൽദാർ കർണാടകയിൽ; ‘നാടുവിട്ടത് മാനസികപ്രയാസം മൂലം’

മലപ്പുറം: കാണാതായ തിരൂർ ഡപ്യൂട്ടി തഹസിൽദാര്‍ തിരൂർ മാങ്ങാട്ടിരി സ്വദേശി ചാലിബ് പി ബി ഭാര്യയുമായി സംസാരിച്ചു. മാനസിക പ്രയാസത്തിലാണ് നാടു വിട്ടതെന്നും, വീട്ടിലേക്ക് തിരിച്ചു വരുമെന്നും ചാലിബ് ഭാര്യയോടു പറഞ്ഞു.കര്‍ണാടകയിലെ ഉഡുപ്പിയിലാണ് ടവര്‍ ലൊക്കേഷന്‍ എന്നാണ് സൂചന. ഒറ്റയ്ക്കാണ് ഉള്ളതെന്നു ചാലിബ് സൂചിപ്പിച്ചതായി വീട്ടുകാര്‍ പറഞ്ഞു.

തിരൂർ മാങ്ങാട്ടിരി സ്വദേശി ചാലിബ് പി ബിയെയാണ് ബുധനാഴ്ച്ച വൈകിട്ട് മുതൽ കാണാതായത്. മൊബൈൽ ടവർ ലൊക്കേഷൻ കർണാടകയിലെ ഉഡുപ്പി കാണിക്കുന്നതിനാൽ അന്വേഷണം കർണാടകയിലേക്കും വ്യാപിപ്പിച്ചിരുന്നു.

വൈകീട്ട് ഓഫീസിൽ നിന്നും ഇറങ്ങിയ ശേഷം വൈകുമെന്ന വിവരം വീട്ടുകാർക്ക് നിൽകിരുന്നു. ഏറെ സമയം കഴിഞ്ഞിട്ടും കാണാതായതിനെ തുടർന്നാണ് വീട്ടുകാർ തിരൂർ പൊലീസിൽ പരാതി നൽകിയത്. മൊബൈൽ ടവർ ലൊക്കേഷൻ ആദ്യം കോഴിക്കോടും പിന്നീട് കർണാടകയിലെ ഉഡുപ്പിയിലുമാണ് കാണിച്ചത്. പുലർച്ചെ 02.02 വരെ ഓണായ ഫോൺ പിന്നീട് ഓഫായി. എടിഎമ്മിൽ നിന്ന് പതിനായിരം രൂപ പിൻവലിച്ചതായും പൊലീസ് കണ്ടെത്തി.

സംഭവത്തിൽ ദുരൂഹതയുണ്ടെന്നാണ് കുടുംബം ആരോപിച്ചത്. ചാലിബ് പറഞ്ഞതുപോലെ തലേദിവസം രാത്രി പൊലീസും എക്‌സൈസും ചേർന്നുള്ള പരിശോധന നടന്നിട്ടില്ലെന്ന് അധികൃതർ പറഞ്ഞിരുന്നു.