India

ടെലിവിഷന്‍ താരം നിതിന്‍ ചൗഹാന്‍ മരിച്ച നിലയില്‍

ഹിന്ദി ടെലിവിഷന്‍ താരവും റിയാലിറ്റി ഷോകളിലൂടെ ശ്രദ്ധേയനുമായ നിതിന്‍ ചൗഹാന്‍ മരിച്ച നിലയില്‍. 35 വയസായിരുന്നു. ഉത്തര്‍പ്രദേശിലെ അലിഗഡ് സ്വദേശിയായ നിതിന്‍ ചൗഹാന്‍ ദാദാഗിരി എന്ന റിയാലിറ്റി ഷോയുടെ രണ്ടാം സീസണ്‍ വിജയിച്ചതിന് പിന്നാലെയാണ് ശ്രദ്ധേയനാകുന്നത്. പിന്നീട് എംടിവി സ്പ്ലിറ്റ്‌സ് വില്ലയിലും സിന്ദഗി.കോം, ക്രൈം പെട്രോള്‍, ഫ്രണ്ട്‌സ് തുടങ്ങിയ സീരിയലുകളിലും ഭാഗമായി. സാബ് ടിവിയിലെ തേരാ യാര്‍ ഹൂം മേം എന്ന പരമ്പരയിലാണ് നിതിന്‍ അവസാനമായി അഭിനയിച്ചത്. 2022ലായിരുന്നു ഇത്. മരണത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ലെങ്കിലും നിതിന്‍ ആത്മഹത്യ ചെയ്തതാണെന്ന സൂചനകളാണ് ചില സുഹൃത്തുക്കള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച കുറിപ്പുകളിലുള്ളത്.

“ആദരാഞ്ജലികള്‍. ഏറെ ഞെട്ടിപ്പിക്കുന്നതും സങ്കടപ്പെടുത്തുന്നതുമായ കാര്യമാണിത്. പ്രശ്‌നങ്ങളെയെല്ലാം നേരിടാനുള്ള ശക്തി നിനക്ക് ഉണ്ടായിരുന്നെങ്കിലെന്ന് ആശിച്ചു പോവുകയാണ്. കരുത്തുറ്റ ശരീരം പോലെ കരുത്തുറ്റ മനസും നിനക്കുണ്ടായിരുന്നെങ്കില്‍,’ നിതിന്റെ സഹതാരമായിരുന്ന വിഭുതി താക്കൂര്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. ആത്മഹത്യയാണെന്ന നിലയില്‍ മറ്റ് സുഹൃത്തുക്കളും പറയുന്നുണ്ടെങ്കിലും മരണത്തിലേക്ക് നയിച്ച കാരണത്തെ കുറിച്ചോ മറ്റ് വിവരങ്ങളോ പുറത്തുവന്നിട്ടില്ല.