ബംഗ്ലാദേശിലെ ചിറ്റഗോങ്ങിൽ ന്യൂനപക്ഷ വിഭാഗമായ ഹിന്ദുക്കൾക്ക് നേരെയുണ്ടായ ആക്രമണത്തിൽ ആശങ്കയറിയിച്ച് ഇന്ത്യ. ബംഗ്ലാദേശ് സർക്കാരുമായി ഇന്ത്യ ആശയവിനിമയം നടത്തിയെന്നും ഹിന്ദുക്കളുടെ സുരക്ഷ ഉറപ്പാക്കാൻ ശക്തമായ നടപടികൾ കൈക്കൊള്ളാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. ഇസ്‌കോണിനെ വിമർശിച്ചുകൊണ്ടുള്ള ഫേയ്‌സ്ബുക്ക് പോസ്റ്റിനെ തുടർന്നാണ് ചിറ്റഗോങ്ങിൽ സംഘർഷമുണ്ടായത്. ഇസ്‌കോണിനെ വിമർശിച്ച് യുവാവ് ഫേസ്ബുക്കിൽ ഒരു പോസ്റ്റ് അപ്‌ലോഡ് ചെയ്തു. തുടർന്ന് ഒരുവിഭാഗം പ്രതിഷേധവുമായി രംഗത്തെത്തി. അടുത്തിടെ ചില വ്യക്തികളും ഗ്രൂപ്പുകളും ബംഗ്ലാദേശിൽ ഇസ്‌കോൺ നിരോധിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ പുറത്താക്കിയതിന് ശേഷം ബംഗ്ലാദേശിൽ ന്യൂനപക്ഷങ്ങൾക്ക് നേരെ അതിക്രമം വർധിക്കുന്നുവെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു.