ടൊവിനൊ തോമസ് നായകനായി എത്തിയ അജയന്റെ രണ്ടാം മോഷണം ഒടിടിയില്‍ എത്തി. സെപ്തംബര്‍ 12 ന് ആയിരുന്നു അജയന്റെ രണ്ടാം മോഷണം തീയേറ്ററുകളില്‍ റിലീസ് ചെയ്തത്. സുജിത് നമ്ബ്യാര്‍ തിരക്കഥയൊരുക്കി ജിതിന്‍ ലാല്‍ സംവിധാനം ചെയ്ത ചിത്രം 3ഡി, 2ഡി ഫോര്‍മാറ്റുകളില്‍ ആണ് തീയേറ്ററുകളില്‍ എത്തിയത്. ടൊവിനോ തോമസ് മൂന്ന് റോളുകളാണ് ഈ സിനിമയില്‍ അവതരിപ്പിച്ചത്. ഇതില്‍ മണിയന്‍ എന്ന കഥാപാത്രം ഏറെ അഭിനന്ദിക്കപ്പെടുകയും ചെയ്തു.
ടൊവിനൊയെ കൂടാതെ കൃതി ഷെട്ടി, സുരഭി ലക്ഷ്മി, ഐശ്വര്യ രാജേഷ്, ബേസില്‍ ജോസഫ്, മധുപാല്‍, ഹരീഷ് ഉത്തമന്‍, ജഗദീഷ് തുടങ്ങിയവരും സിനിമയില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു. കേരളത്തില്‍ നിന്ന് മാത്രം 2.80 കോടി രൂപ റിലീസിന് നേടിയെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. വിദേശത്ത് നിന്ന് ആകെ 2.93 കോടി രൂപയും നേടി. 52 ലക്ഷം ഇന്ത്യയുടെ മറ്റിടങ്ങളില്‍ ചിത്രം ആകെ നേടിയെന്നുമാണ് റിപ്പോര്‍ട്ട്. മലയാളത്തില്‍ 2024ല്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രങ്ങളില്‍ മുന്‍നിരയിലെ സ്ഥാനത്ത് ടൊവിനോ തോമസ് ചിത്രം അജയന്റെ രണ്ടാം മോഷണവുമുണ്ട്.
കൂടാതെ രജനികാന്ത് നായകനായെത്തിയ വേട്ടയ്യനും ഒടിടിയില്‍ സ്ട്രീമിങ് തുടങ്ങിയിട്ടുണ്ട്. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറില്‍ ആണ് സ്ട്രീമിങ്. ആമസോണ്‍ പ്രൈം വീഡിയോയില്‍ ആണ് വേട്ടൈയ്യന്‍ സ്ട്രീം ചെയ്യുന്നത്. രജനികാന്ത് നായകനായി വന്‍ താരനിരയോടെ എത്തിയ ചിത്രമാണ് വേട്ടയ്യന്‍. ടിജെ ജ്ഞാനവേല്‍ ആയിരുന്നു സംവിധായകന്‍. ലൈക്ക പ്രൊഡക്ഷന്‍സിന്റെ സുഭാസ്‌കരന്‍ ആയിരുന്നു നിര്‍മാണം. ഒക്ടോബര്‍ പത്തിന് ആയിരുന്നു സിനിമ തീയേറ്ററുകളില്‍ റിലീസ് ചെയ്തത്. രജനികാന്തിനെ കൂടാതെ അമിതാഭ് ബച്ചന്‍, ഫഹദ് ഫാസില്‍, റാണ ദഗ്ഗുബാട്ടി, മഞ്ജു വാര്യര്‍, ഋതിക സിങ്, സാബുമോന്‍ തുടങ്ങിയവരും സിനിമയില്‍ വേഷമിട്ടിരുന്നു. മലയാളത്തില്‍ നിന്ന് ഒരുപിടി താരങ്ങള്‍ അണിനിരന്ന ചിത്രം എന്ന പ്രത്യേകതയും വേട്ടയ്യന് ഉണ്ടായിരുന്നു.
30 കോടി രൂപ ചെലവില്‍ ആയിരുന്നു എആര്‍എം എന്ന അജയന്റെ രണ്ടാം മോഷണം അണിയിച്ചൊരുക്കിയത്. എന്നാല്‍ ചിത്രം കളക്ട് ചെയ്തത് 100 കോടിയ്ക്കും 106 കോടിയ്ക്കും ഇടയില്‍ ആണെന്നാണ് റിപ്പോര്‍ട്ടുകള്‍. മലയാളത്തില്‍ 2024 ല്‍ 100 കോടി കളക്ഷന്‍ നേടിയ നാലാമത്തെ ചിത്രമായിരുന്നു അജയന്റെ രണ്ടാം മോഷണം. മലയാളത്തില്‍ ഒരു ത്രീഡി ചിത്രം നേടുന്ന ഏറ്റവും ഉയര്‍ന്ന കളക്ഷന്‍ എന്ന റെക്കോര്‍ഡും അജയന്റെ രണ്ടാം മോഷണം സ്വന്തമാക്കി.
എന്നാല്‍ വേട്ടയ്യന്റെ കഥ തികച്ചും വ്യത്യസ്തമാണ്. ബോക്സ്ഓഫീസ് കുലുക്കിമറിക്കും എന്ന് പ്രതീക്ഷിച്ചെത്തിയ സിനിമ വേണ്ടത്ര വിജയം ആയില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. മുന്നൂറ് കോടിയോളം ചെലവാക്കി നിര്‍മിച്ച സിനിമയ്ക്ക് ബോക്സ് ഓഫീസില്‍ നിന്ന് ലഭിച്ചത് 250 കോടിയില്‍ താഴെ ആണെന്നാണ് കണക്കുകള്‍.