മുഖ്യമന്ത്രിക്ക് കരുതിയിരുന്ന സമൂസകളും കേക്കുകളും സുരക്ഷാ ഉദ്യോഗസ്ഥർക്ക് വിളമ്പിയ സംഭവത്തിൽ അന്വേഷണത്തിന് സിഐഡി അന്വേഷണത്തിന് ഉത്തരവിട്ട് ഹിമാചല്‍ പ്രദേശ് സര്‍ക്കാര്‍. മുഖ്യമന്ത്രി സുഖ്‌വീന്ദർ സിംഗ് സുഖുവിന് കരുതിയിരുന്ന സമൂസകളും കേക്കുകളുമാണ് അദ്ദേഹത്തിന്‍റെ സുരക്ഷാ ഉദ്യോഗസ്ഥർക്ക് വിളമ്പിയത്. ഒക്‌ടോബർ 21 ന് സിഐഡി ആസ്ഥാനത്ത് മുഖ്യമന്ത്രി എത്തിയപ്പോഴാണ് സംഭവം. സിഐഡി ആസ്ഥാനത്ത് എത്തിയ മുഖ്യമന്ത്രിക്ക് നൽകാനായി റാഡിസൺ ബ്ലൂ ഹോട്ടലില്‍ നിന്നാണ് മൂന്ന് പെട്ടി സമൂസകൾ വാങ്ങിയത്. എന്നാല്‍, ഈ ഭക്ഷണം അദ്ദേഹത്തിന്‍റെ സുരക്ഷാ ഉദ്യോഗസ്ഥർക്ക് വിളമ്പിയതായി ഒരു മുതിർന്ന ഉദ്യോഗസ്ഥൻ സമർപ്പിച്ച അന്വേഷണ റിപ്പോർട്ടിൽ പറയുന്നു. വിഷയത്തില്‍ ഹിമാചല്‍ പ്രദേശിലെ കോൺഗ്രസ് സര്‍ക്കാരിനെതിരെ കടുത്ത വിമര്‍ശനമാണ് ബിജെപി ഉന്നയിക്കുന്നത്.
വിഷയത്തില്‍ ബിജെപി പരിഹാസവുമായി രംഗത്തെത്തി. മുഖ്യമന്ത്രിയുടെ സമൂസയില്‍ മാത്രമാണ് കോണ്‍ഗ്രസിന് താല്‍പ്പര്യമെന്നും സംസ്ഥാനത്തിന്റെ വികസനത്തില്‍ അല്ലെന്നുമാണ് ബിജെപി പരിഹസിക്കുന്നത്.
















