മൂന്നാം ദിവസവും കയ്യാങ്കളിയെ തുടര്‍ന്ന് സ്തംഭിച്ച് ജമ്മുകശ്മീര്‍ നിയമസഭ. കശ്മീരിന് പ്രത്യേക പദവി പുനസ്ഥാപിക്കണമെന്ന ആവശ്യത്തെ ചൊല്ലിയാണ് ഇന്നും നിയമസഭയിൽ ബഹളമുണ്ടായത്. പ്രത്യേക പദവിയെ ചൊല്ലി ഭരണപ്രതിപക്ഷ അംഗങ്ങള്‍ മൂന്നാം ദിവസവും നിയമസഭയിൽ ഏറ്റുമുട്ടി. 13 എംഎല്‍എമാരെ സ്പീക്കര്‍ പുറത്താക്കി. നടുത്തളത്തിലിറങ്ങിയും മേശപ്പുറത്ത് കയറിയും എംഎൽഎമാര്‍ പ്രതിഷേധിച്ചു. പ്രത്യേക പദവി പുനസ്ഥാപിക്കണമെന്ന പ്രമേയത്തെ അനുകൂലിച്ച് പിഡിപി അംഗം ബാനര്‍ ഉയര്‍ത്തിയതാണ് ബിജെപി എംഎല്‍എമാരെ പ്രകോപിച്ചത്. ഭരത് മാതാ കീ ജയ് വിളികളുമായി ബിജെപി അംഗങ്ങളുമെത്തിയതോടെ കയ്യാങ്കളിയായി. സ്പീക്കര്‍ക്ക് മുന്പില് അംഗങ്ങള്‍ പരസ്പരം കയ്യേറ്റം ചെയ്തു. നടുത്തളത്തിലിറങ്ങി പ്രതിഷധിച്ചവരെ പുറത്താക്കാന്‍ ഇതോടെ സ്പീക്കര്‍ നിര്‍ദ്ദേശിച്ചു. 12 ബിജെപി എംഎല്‍എമാരെയും , എഞ്ചിനിയര്‍ റഷീദിന്റെ സഹോദരനും ലാംഗേറ്റ് എംഎല്‍എയുമായ ഷെയ്ഖ് ഖുര്‍ഷിദിനെയും സുരക്ഷ ജീവനക്കാര്‍ ബലപ്രയോഗത്തിലൂടെ പുറത്താക്കി.