എപ്പോഴും സുരക്ഷമാത്രം നോക്കി വാഹനം എടുക്കുന്നവർക്ക് നമ്മൾ ചാർത്തിക്കൊടുത്ത പേരാണ് പപ്പടം എന്ന്. പൊതുവിൽ സേഫ്റ്റിയില്ല മൈലേജ് മാത്രമേയുള്ളൂവെന്ന് പറഞ്ഞ് മാരുതിയെ തള്ളിപ്പറഞ്ഞവരെല്ലാം അത് ഉടനെ തന്നെ മാറ്റിപ്പറയേണ്ടിവരും. ഗ്ലോബൽ NCAP ക്രാഷ് ടെസ്റ്റിൽ 5-സ്റ്റാർ സേഫ്റ്റി റേറ്റിംഗ് സ്വന്തമാക്കിക്കൊണ്ട് പുത്തൻ ഡിസയർ വരികയാണ്. സർപ്രൈസായാണ് മാരുതി ഈ ഫലങ്ങൾ പുറത്തുവിട്ടിരിക്കുന്നത്. ഒഫീഷ്യൽ ലോഞ്ചിന് ഇനി ദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. ക്രാഷ് ടെസ്റ്റ് ഫലങ്ങൾ ഇപ്പോൾ വന്നതോടെ ഇത് കമ്പനിക്കും കാറിനും വലിയ മൈലേജാകും.
പ്രായമായവരുടെ സുരക്ഷയിൽ 5-സ്റ്റാർ സേഫ്റ്റി റേറ്റിംഗും കുട്ടികളുടെ സംരക്ഷണത്തിന് 4-സ്റ്റാർ സേഫ്റ്റി റേറ്റിംഗും സ്വന്തമാക്കിയാണ് പുതിയ മാരുതി ഡിസയറിന്റെ മാസ് എൻട്രി. ഗ്ലോബൽ NCAP ക്രാഷ് ടെസ്റ്റിൽ നിന്ന് 5-സ്റ്റാർ റേറ്റിംഗ് നേടുന്ന ആദ്യത്തെ മാരുതി സുസുക്കി വാഹനമാണ് ഈ കോംപാക്‌ട് സെഡാൻ എന്നതും ചരിത്രമാണ്. ഡിസയറിനെ ക്രാഷ് ടെസ്റ്റിനായി ഗ്ലോബൽ NCAP പ്രോഗ്രാമിലേക്ക് മാരുതി സ്വമേധയാ അയക്കുകയായിരുന്നു. മോശം സുരക്ഷാ റേറ്റിംഗിൻ്റെ പേരിൽ തരംതാഴ്ത്തപ്പെട്ട മാരുതിക്ക് ഈ ഒരൊറ്റ തിരിച്ചുവരവോടെ വിമർശകരുടെ വായടപ്പിക്കാനാകും.
6 എയർബാഗുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ (ESC), എല്ലാ സീറ്റുകൾക്കും റിമൈൻഡറോടുകൂടിയ 3-പോയിൻ്റ് സീറ്റ്ബെൽറ്റുകൾ, പിൻവശത്തെ ഔട്ട്‌ബോർഡ് സീറ്റുകൾക്കായി ISOFIX മൗണ്ടുകൾ, ഫ്രണ്ട് സീറ്റ്ബെൽറ്റ് പ്രെറ്റെൻഷനർ, ലോഡ് ലിമിറ്റർ, പെഡസ്ട്രിയൻ പ്രൊട്ടക്ഷൻ ഫീച്ചറുകൾ എന്നിവയെല്ലാം വാഹനത്തിൽ ഒരുക്കിയിട്ടുണ്ട്. മുതിർന്ന യാത്രക്കാരുടെ സംരക്ഷണത്തിൽ ഡിസയർ 34 പോയിൻ്റിൽ 31.24 പോയിന്റും നേടി. ഡ്രൈവറുടെയും യാത്രക്കാരൻ്റെയും തലയ്ക്കും കഴുത്തിനും നൽകുന്ന സംരക്ഷണം നല്ലതാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. വിലയെ കുറിച്ച് നിലവിൽ വിവരങ്ങൾ ഒന്നും പുറത്തുവന്നട്ടില്ല. നവംബർ 11-ന് ഇക്കാര്യവും വെളിപ്പെടുത്തും.