India

ജമ്മുകശ്മീരിൽ പ്രത്യേക പദവി പുനസ്ഥാപിക്കില്ലെന്ന് നരേന്ദ്ര മോദി

ജമ്മുകാശ്മീരിന്റെ പ്രത്യേക പദവി പുനസ്ഥാപിക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആര്‍ട്ടിക്കിള്‍ 370 പിന്‍വലിച്ചത് അംബേദ്കര്‍ക്കുള്ള ശ്രദ്ധാഞ്ജലിയെന്നും മോദി പറഞ്ഞു. മഹാരാഷ്ട്രയിലെ നാസിക്കില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോണ്‍ഗ്രസിന്റേത് നുണയുടെ കടയെന്നും മോദി വിമര്‍ശിച്ചു. കര്‍ണാടകയിലും ഹിമാചലിലും തെലങ്കാനയിലും അധികാരത്തില്‍ വന്നത് നുണ പരത്തിയെന്നും അധികാരത്തില്‍ വന്നതോടെ വാഗ്ദാനങ്ങള്‍ മറന്നുവെന്നും അദ്ദേഹം പറഞ്ഞു. ഖജനാവ് കാലിയായി. അഴിമതി പെരുകി. മറ്റു പാര്‍ട്ടികളുടെ സഹായത്തോടെ തെരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ട ഗതികേടിലാണ് കോണ്‍ഗ്രസ്. തെരഞ്ഞെടുപ്പ് ജയിക്കാന്‍ വേണ്ടി SC-ST-OBC വിഭാഗങ്ങള്‍ക്കിടയില്‍ സ്പര്‍ദ്ദ ഉണ്ടാക്കുന്നുവെന്നും മോദി ആരോപിച്ചു.

കോണ്‍ഗ്രസ് ഭരണഘടനയെ അപമാനിക്കുകയാണെന്നും ഭരണഘടനയെ സംരക്ഷിക്കുന്നവര്‍ എന്ന് പറഞ്ഞു കാലി പേജുകളുള്ള ഭരണഘടനയുമായി കറങ്ങുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. രാജ്യം ഭരിക്കുന്നത് പാവപ്പെട്ടവനെ കുറിച്ച് ചിന്തിക്കുന്ന സര്‍ക്കാരാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 25 കോടി പേരെ ദാരിദ്ര്യത്തില്‍ നിന്ന് മുക്തരാക്കിയെന്നും പാവപ്പെട്ടവര്‍ക്കായി നിരവധി കേന്ദ്ര പദ്ധതികള്‍ നടപ്പാക്കിയെന്നും മോദി വ്യക്തമാക്കി.