Travel

കൊല്ലത്തിന്റെ ​ഗുണാകേവ് , കുടുക്കത്തുപാറ

കൊല്ലം ജില്ലയുടെ കിഴക്കൻ മേഖലയിൽ സ്ഥിതി ചെയ്യുന്ന അതിമനോഹരമായ വിനോദസഞ്ചാര കേന്ദ്രമാണ് കുടുക്കത്തുപാറ. അഞ്ചൽ എന്ന ചെറുപട്ടണത്തിൽ നിന്നും വെറും 12കിലോമീറ്റർ മാത്രമാണ് കുടുക്കത്തുപാറയിലേക്കുള്ള ദൂരം. തെളിഞ്ഞ ആകാശമാണെങ്കിൽ പറയുടെ മുകളിൽ നിന്നാൽ പൊന്മുടി, പത്തനംതിട്ട ജില്ലയുടെ ഭാഗം, തമിഴ്നാട് അതിർത്തി മലനിരകളെല്ലാം കാണാൻ കഴിയും. പ്രകൃതിയുടെ മനോഹരദൃശ്യങ്ങളും ഔഷധസസ്യങ്ങളും പാറക്കെട്ടുകളും മഞ്ഞുപെയ്യുന്ന മനോഹാരിതയും ഏതൊരു സഞ്ചാരിയുടെയും മനംനിറയ്ക്കും. പടികൾ കയറി പാറകൾക്കിടയിലൂടെയാണ് മുകളിലേക്ക് എത്തേണ്ടത്. കൊല്ലത്തിന്റെ ​ഗുണാകേവ് എന്നാണ് കുടുക്കത്തുപാറയെ കാഴ്ചക്കാർ വിളിക്കുന്നത്.

കൊല്ലം ജില്ലയിലെ അലയമൺ ഗ്രാമപ്പഞ്ചായത്തിലെ ആനക്കുളം വനമേഖലയിലാണ് കുടുക്കത്തുപാറ സ്ഥിതി ചെയ്യുന്നത്. സമുദ്രനിരപ്പിൽനിന്ന്‌ 840 മീറ്റർ ഉയരത്തിൽ മൂന്ന്‌ പാറകൾ ചേർന്ന്‌ വലിയ കുന്നുപോലെയാണ്. ഇതിൽ 780 മീറ്റർ ഉയരത്തിൽ മാത്രമേ സഞ്ചാരികൾക്ക്‌ എത്തിപ്പെടാനാകൂ. കൽപ്പടവുകളും സുരക്ഷാവേലികളുമുണ്ട്. സൂര്യാസ്തമയം ഇവിടെനിന്നുള്ള മനോഹരമായ കാഴ്ചയാണ്‌. വനംവകുപ്പിന്റെ നിയന്ത്രണത്തിലുള്ള ഇക്കോ ടൂറിസം പദ്ധതിയുടെ ഭാഗമാണിത്‌. ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ ടൂറിസം പാക്കേജിൽ കുടുക്കത്തുപാറയെ ഉൾപ്പെടുത്തിയിട്ടുണ്ട്.