രഞ്ജി ട്രോഫിയിൽ ഉത്തർപ്രദേശിനെതിരെ കേരളത്തിന് 233 റൺസിൻ്റെ മികച്ച ഒന്നാം ഇന്നിങ്സ് ലീഡ്. ഇതോടെ മൂന്നാം ദിവസം കളി നിർത്തുമ്പോൾ കേരളം ശക്തമായ നിലയിലാണ്. ആദ്യ ഇന്നിങ്സിൽ കേരളം 395 റൺസെടുത്തു. രണ്ടാം ഇന്നിങ്സ് ബാറ്റിങ് തുടങ്ങിയ ഉത്തർപ്രദേശ് രണ്ട് വിക്കറ്റിന് 62 റൺസെന്ന നിലയിലാണ്.
ഏഴ് വിക്കറ്റിന് 340 റൺസെന്ന നിലയിൽ മൂന്നാം ദിവസം കളി തുടങ്ങിയ കേരളത്തിന് 55 റൺസ് കൂടി മാത്രമാണ് ചേർക്കാനായത്. മുഹമ്മദ് അസറുദ്ദീൻ 40 റൺസെടുത്ത് പുറത്തായി. മികച്ച രീതിയിൽ ബാറ്റിങ് തുടർന്ന സൽമാൻ നിസാറിന് ഏഴ് റൺസകലെ സെഞ്ച്വറി നഷ്ടമായപ്പോൾ കേരളത്തിൻ്റെ ഇന്നിങ്സിനും അവസാനമായി.
ഒൻപത് ഫോറും മൂന്ന് സിക്സും അടക്കം 93 റൺസെടുത്ത സൽമാൻ നിസാർ തന്നെയാണ് കേരളത്തിൻ്റെ ടോപ് സ്കോറർ. സച്ചിൻ ബേബി 83ഉം ജലജ് സക്സേന 35ഉം റൺസെടുത്തു.മൂന്ന് വിക്കറ്റെടുത്ത അക്വിബ് ഖാനാണ് ഉത്തർപ്രദേശ് ബൌളിങ് നിരയിൽ തിളങ്ങിയത്.
രണ്ടാം ഇന്നിങ്സ് ബാറ്റിങ്ങിന് ഇറങ്ങിയ ഉത്തർപ്രദേശിന് ആര്യൻ ജൂയലിൻ്റെയും പ്രിയം ഗാർഗിൻ്റെയും വിക്കറ്റുകളാണ് നഷ്ടമായത്. ജലജ് സക്സേനയ്ക്കും കെ എം ആസിഫിനുമാണ് വിക്കറ്റ്.
CONTENT HIGHLIGHTS;Ranji Trophy: Kerala in a strong position; Good lead against Uttar Pradesh