നിലവാരമില്ലെന്ന പരാതികളെ തുടർന്ന് പാരസെറ്റമോൾ ഗുളികകളുടെ പത്ത് ബാച്ചുകൾക്ക് വിലക്കേർപ്പെടുത്തി. കേരള മെഡിക്കൽ സർവീസസ് മുഖേന സർക്കാർ ആശുപത്രികളിൽ നൽകാനിരുന്ന ഗുളികകളുടെ വിതരണമാണ് മരവിപ്പിച്ചത്. ഇതിനൊപ്പം പാന്റപ്രസോളിന്റെ മൂന്ന് ബാച്ചിന്റെ വിതരണവും നിർത്തിവെച്ചു. കവർ പൊട്ടിക്കുമ്പോൾ തന്നെ ഗുളികകൾ പൊടിഞ്ഞുപോകുന്നതായും പൂപ്പൽ ബാധയുള്ളതായും കണ്ടെത്തിയിരുന്നു. വിവിധ ജില്ലകളിലെ ആശുപത്രികളിൽ വിതരണത്തിനെത്തിച്ച പാരസെറ്റമോൾ അതാത് സംഭരണ കേന്ദ്രങ്ങളിൽ തന്നെ സൂക്ഷിക്കാനാണ് ഇപ്പോഴത്തെ നിർദേശം. പരിശോധനാഫലം ലഭിച്ച ശേഷം മാത്രമേ വിതരണം പുനരാരംഭിക്കൂ. മുൻ വർഷങ്ങളിലും പാരസെറ്റമോൾ നിലവാര പരിശോധനയിൽ പരാജയപ്പെട്ടതിനെ തുടർന്ന് ലെസാം, കെഎസ്ഡിപി, മെർക്കുറി, സിറോൺ, യുണിക്യുവർ തുടങ്ങി വിവിധ കമ്പനികളെ കരിമ്പട്ടികയിൽ പെടുത്തിയിരുന്നു. ഒരു ബാച്ചിലുള്ള അഞ്ച് ലക്ഷം ഗുളികകൾ കണക്കാക്കിയാൽ 65 ലക്ഷം ഗുളികകളുടെ വിതരണമാണ് മരവിപ്പിച്ചിരിക്കുന്നത്.