ശക്തവും വൈകാരികവുമായ വാക്കുകളോടെ ഔദ്യോഗിക ജീവിതം അവസാനിപ്പിക്കുകയാണ് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ്. വിമർശനങ്ങൾ ഏറ്റു വാങ്ങാൻ താൻ ശക്തനാണെന്നും നാളെ മുതൽ നീതി നൽകാനായില്ലെങ്കിലും സംതൃപ്തനായാണ് പടിയിറക്കമെന്നും ഡി.വൈ.ചന്ദ്രചൂഡ് പറയുന്നു. തന്റെ ജീവിതത്തിലെ വ്യക്തിപരമായ കാര്യങ്ങൾ പോലും പൊതുസമൂഹത്തിൽ നിന്ന് മറച്ച് വച്ചിട്ടില്ല അതിനാൽ തന്നെ പല കാര്യങ്ങളിലും വിമർശനങ്ങൾ ഏറ്റുവാങ്ങേണ്ടി വന്നുഎന്നും ചീഫ് ജസ്റ്റിസ് പറയുന്നു. സുപ്രീംകോടതി അഭിഭാഷക അസോസിയേഷൻ നൽകിയ യാത്ര അയപ്പ് ചടങ്ങിൽ ആണ് ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡിന്റെ വാക്കുകൾ. ജസ്റ്റിസ് സഞ്ജീവ് ഖന്നയുടെ കഴിവുള്ള കൈകളിൽ ബെഞ്ച് വിട്ടുനൽകുന്നതിൽ തനിക്ക് ആശ്വാസമുണ്ടെന്നും ഡി.വൈ.ചന്ദ്രചൂഡ് കൂട്ടിച്ചേർത്തു. ഞാറാഴ്ച്ച ആണ് ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് ഔദ്യോഗികമായി വിരമിക്കുന്നത്.
2016 മെയ് 13-നായിരുന്നു ഡി.വൈ. ചന്ദ്രചൂഢ് സുപ്രീം കോടതി ജഡ്ജി ആയി ചുമതലയേൽക്കുന്നത്. അതിനുമുമ്പ് രണ്ട് വർഷവും ഏഴ് മാസവും അലഹബാദ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയിരുന്നു. 2000 മാർച്ച് 29നാണ് അദ്ദേഹം ബോംബൈ ഹൈക്കോടതി അഡീഷണൽ ജഡ്ജിയായി ചുമതലയേൽക്കുന്നത്. അലഹബാദ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആകുന്നത് വരെ ബോംബൈ ഹൈക്കോടതിയിൽ ആയിരുന്നു സേവനം. 1998 മുതൽ ബോംബൈ ഹൈക്കോടതി ജഡ്ജി ആകുന്നതുവരെ കേന്ദ്ര സർക്കാരിന്റെ അഡീഷണൽ സോളിസിറ്റർ ജനറൽ ആയും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.