അപൂർവയിനം വിഷപ്പാമ്പാണ് പവിഴപ്പാമ്പ്. പശ്ചിമഘട്ട മലനിരയിൽ മാത്രം അപൂർവമായി കണ്ടുവരുന്ന ബിബ്റോൺസ് കോറൽ സ്നേക് എന്ന പാമ്പിനമാണ് ഇത്. വളർച്ചയെത്തിയ പാമ്പുകൾക്കു കറുപ്പുനിറം കലർന്ന് ബ്രൗൺ നിറത്തിലുള്ള വളയങ്ങളായിരിക്കും. ഇവയുടെ അടിഭാഗത്ത് ഓറഞ്ച് നിറം ഉണ്ടാവും. തലയുടെ ഭാഗം വട്ടത്തിലായിരിക്കും. 50 സെ. മീറ്റർ മുതൽ 88 സെ. മീറ്റർ വരെ നീളം കാണും ഇവയ്ക്ക്. കാലിയോഫിസ് ബിബ്റോണി എന്നതാണ് ശാസ്ത്രീയനാമം. ഏതെങ്കിലും ജീവി ആക്രമിക്കാൻ വരുമ്പോൾ തല ഉടലിന് അടിയിൽ താഴ്ത്തി വാൽചുരുട്ടി കിടക്കുന്നതിനാൽ നാണം കുണുങ്ങിയായ പാമ്പുകളെന്നു പറയുന്നു.
മണ്ണിനടിയിലും കാട്ടിലെ ഇലക്കൂടുകളുടെ അടിയിലുമാണ് കൂടുതൽ സമയവും കഴിയുക. നല്ല മഴയുള്ളപ്പോൾ ഇവ പുറത്തേക്കിറങ്ങും. രാത്രികാലങ്ങളിലാണ് ഇര തേടുന്നത്. ചെറുപാമ്പുകൾ, തവള എന്നിവ തന്നെയാണ് ഭക്ഷണം. കോറൽ സ്നേക് എന്ന പേര് ഉണ്ടെങ്കിലും കടലുമായി ഒരു ബന്ധവും ഇവയ്ക്കില്ല. ഇവ കടിച്ചാൽ ചികിത്സയ്ക്ക് ആന്റിവെനം ലഭ്യമല്ല. വിഷം നാഡീവ്യൂഹത്തിൽ പെട്ടെന്നു ബാധിക്കും. നിലവിൽ മൂർഖൻ, അണലി, ചുരുട്ട മണ്ഡലി, വെള്ളിക്കെട്ടൻ എന്നീ നാലു പാമ്പുകളുടെ വിഷത്തിനു മാത്രമേ ആന്റിവെനം ലഭിക്കുകയുള്ളു.
STORY HIGHLLIGHTS: rare-bibrons-coral-snake