ബെംഗളൂരു: അനധികൃത സ്വത്ത് കേസിൽ സിബിഐ അന്വേഷണത്തിനുള്ള അനുമതി റദ്ദാക്കിയത് ചോദ്യം ചെയ്യുന്ന ഹർജിയിൽ ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാറിനും കർണാടക സർക്കാരിനും സുപ്രീം കോടതി നോട്ടിസ് അയച്ചു. ബെനാമി ഇടപാടുകളിലൂടെ 74.93 കോടി രൂപയുടെ സ്വത്ത് സമ്പാദിച്ചെന്ന കേസിൽ കഴിഞ്ഞ വർഷമാണ് സിദ്ധരാമയ്യ സർക്കാർ സിബിഐ അന്വേഷണത്തിനുള്ള അനുമതി പിൻവലിച്ചത്. ഇതു ചോദ്യം ചെയ്ത് സിബിഐയും ബിജെപി എംഎൽഎയും നൽകിയ ഹർജി ഹൈക്കോടതി തള്ളിയതോടെയാണ് പരാതിക്കാർ സുപ്രീം കോടതിയെ സമീപിച്ചത്.