Kerala

ട്രോളി ബാഗ് വിഷയം ഉപേക്ഷിക്കേണ്ട വിഷയമല്ലെന്ന് എം.വി ഗോവിന്ദൻ

ട്രോളി ബാഗ് വിഷയം ഉപേക്ഷിക്കേണ്ട വിഷയമല്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. ശരിയായി അന്വേഷിക്കേണ്ട വിഷയം തന്നെയാണതെന്നും നീല ബാഗും ചുവന്ന ബാഗും എല്ലാം കുഴൽ പണ വിഷയവുമായി ബന്ധപ്പെട്ടതാണെന്നും അത് ചർച്ച ചെയ്യേണ്ടതാണെന്നും എംവി ​ഗോവിന്ദൻ പറഞ്ഞു. പെട്ടി വിഷയം അടഞ്ഞ അധ്യായമേ അല്ലെന്ന് എംവി ​ഗോവിന്ദൻ പറഞ്ഞു. അത് മണ്ഡലത്തിലെ പ്രധാന വിഷയമാണ്. ചർച്ച ചെയ്യണം. അതുൾപ്പടെ ജനകീയ വിഷയങ്ങൾ ചർച്ച ചെയ്യണം. പാർട്ടിയിൽ അഭിപ്രായ ഭിന്നതയില്ലെന്നും ഒറ്റ അഭിപ്രായമേ ഉള്ളൂവെന്നും എംവി ​ഗോവിന്ദൻ പറഞ്ഞു. താൻ ഈ പറഞ്ഞതാണ് പാർട്ടി അഭിപ്രായമെന്ന് അദ്ദേഹം വ്യക്തമാക്കി. പാലക്കാട് ഉപതെരഞ്ഞെടുപ്പാണ് എല്ലാവരുടെയും ഫോക്കസ്. ഇഞ്ചോടിഞ്ച് മത്സരം എന്ന മാധ്യമഭാഷ ശരിയാകുന്നു. ഇത് ഇടത് മുന്നണിക്ക് ആവേശകരമാണെന്ന് എംവി ​ഗോവിന്ദൻ പറഞ്ഞു. ഇ.ശ്രീധരൻ പിടിച്ച വോട്ട് ബിജെപിക്കും ഷാഫി പറമ്പിൽ പിടിച്ച വോട്ട് രാഹുലിനും കിട്ടാൻ പോകുന്നില്ലെന്ന് എം.വി ഗോവിന്ദൻ കൂട്ടിച്ചേർത്തു.