കിടിലൻ സ്വാദിൽ ഒരു എഗ്ഗ് റെസിപ്പി നോക്കിയാലോ? രുചികരമായ എഗ്ഗ് പെപ്പർ മസാല തയ്യാറാക്കാം. തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.
ആവശ്യമായ ചേരുവകൾ
- മുട്ട
- ഉപ്പ്
- തക്കാളി
- പച്ചമുളക്
- സവാള
- കുരുമുളക്
- പെരുംജീരകം
- ചെറിയ ജീരകം
- ഉണക്കമുളക്
- എണ്ണ
- ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്
- സോയാസോസ്
- ബട്ടർ
- മല്ലിയില
തയ്യാറാക്കുന്ന വിധം
ആദ്യം ഒരു പാത്രത്തിൽ വെള്ളമെടുത്ത് മുട്ട ചേർത്ത് കൊടുക്കാം, അല്പം ഉപ്പു കൂടിയിട്ട് നന്നായി വേവിച്ചെടുക്കണം. ഒരു മിക്സി ജാറിലേക്ക് മൂന്ന് തക്കാളി അരിഞ്ഞതും അഞ്ചോ ആറോ പച്ചമുളകും ചേർത്ത് നന്നായി അരച്ചെടുക്കുക. രണ്ട് സവാള പൊടിപൊടിയായി അരിഞ്ഞെടുക്കണം.
ഇനി മസാല തയ്യാറാക്കാനായി ഒരു പാനിലേക്ക് ഒരു ടേബിൾ സ്പൂൺ കുരുമുളക് ചേർത്തു കൊടുക്കാം. കൂടെ ഒരു ടീസ്പൂൺ പെരുംജീരകം, ഒരു ടീസ്പൂൺ ചെറിയ ജീരകം, രണ്ടു ഉണക്കമുളക് എന്നിവയെല്ലാം ചേർത്ത് കൊടുത്ത് നന്നായി ചൂടാക്കിയെടുക്കുക. ചൂടാറിയതിനു ശേഷം നന്നായി പൊടിച്ചെടുക്കാം. മറ്റൊരു പാൻ അടുപ്പിൽ വെച്ച് എണ്ണ ഒഴിച്ച് ചൂടാക്കുക. ഇതിലേക്ക് പൊടിയായി അരിഞ്ഞ സവാള ചേർത്ത് കൊടുത്ത് വഴറ്റാം. ലൈറ്റ് ഗോൾഡ് നിറമാകുന്നതുവരെ വഴറ്റിയതിനുശേഷം ഒരു ടേബിൾ സ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർക്കാം.
നല്ലതുപോലെ മിക്സ് ചെയ്തതിനു ശേഷം അല്പം സോയാസോസ് ചേർക്കാം. വീണ്ടും നന്നായി മിക്സ് ചെയ്തതിനുശേഷം അടിച്ചു വച്ചിരിക്കുന്ന തക്കാളി പേസ്റ്റ് ഇതിലേക്ക് ചേർത്ത് കൊടുക്കാം, നല്ലതുപോലെ തിളച്ചു വരുമ്പോൾ ഇതിലേക്ക് നേരത്തെ തയ്യാറാക്കി വച്ചിരിക്കുന്ന മസാല പൗഡറിൽ നിന്നും ഒന്നര ടേബിൾസ്പൂൺ ചേർക്കാം. മൂടിവെച്ച് നന്നായി തിളപ്പിക്കുക.
ശേഷം അല്പം വെള്ളം കൂടി ഒഴിക്കാം പാൻ മൂടിയതിനുശേഷം ചെറിയ തീയിൽ നന്നായി വേവിക്കാം. ഈ സമയം വേവിച്ചെടുത്ത മുട്ട ഓരോന്നും രണ്ടായി മുറിച്ചെടുക്കുക. ഒരു പാനിൽ അല്പം ബട്ടർ ചേർത്ത് ചൂടാക്കി സവാള ചേർത്ത് കൊടുത്ത് അതിനു മുകളിലായി മുട്ട വച്ച് കൊടുക്കാം, മുട്ടയുടെ പുറംവശം ഫ്രൈ ആകുന്നത് വരെ വഴറ്റണം ശേഷം മസാലയിലേക്ക് ചേർക്കാം. അല്പം മല്ലിയില കൂടിയിട്ട് എല്ലാംകൂടി യോജിപ്പിച്ച് വിളമ്പാം.