ഗാസയിൽ കൊല്ലപ്പെട്ടതിൽ 70 ശതമാനവും സ്ത്രീകളും കുട്ടികളുമെന്ന് യുഎൻ റിപ്പോർട്ട്. ഇസ്രയേൽ ഹമാസ് യുദ്ധത്തിനിടയിൽ കൊല്ലപ്പെട്ടതിൽ 70 ശതമാനവും സ്ത്രീകളും കുട്ടികളുമാണെന്നാണ് ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ ഓഫീസിന്റെ റിപ്പോർട്ട് വിശദമാക്കുന്നത്. യുദ്ധം സാധാരണക്കാരെ ബാധിക്കുന്നുവെന്ന് വ്യക്തമാക്കുന്ന കണക്കാണ് യുഎൻ പുറത്ത് വിടുന്നത്. 44 ശതമാനം ഇരകളാക്കപ്പെട്ടത് കുട്ടികളും 26ശതമാനം സ്ത്രീകളുമാണ്. 5 വയസിനും 9 വയസിനും ഇടയിലാണ് കൊല്ലപ്പെട്ട 44 ശതമാനം കുട്ടികളുടെ പ്രായമെന്നതാണ് ഞെട്ടിക്കുന്ന വസ്തുത. 80 ശതമാനം ആളുകളും കൊല്ലപ്പെട്ടത് ജനവാസ മേഖലകളിലുണ്ടായ ആക്രമണങ്ങളിലാണ്. യുദ്ധത്തിന് സ്വീകരിച്ച രീതിയിലെ പിഴവ് വ്യക്തമാക്കുന്നതാണ് ഐക്യരാഷ്ട്ര സഭയുടെ റിപ്പോർട്ട്.
നേരത്തെ സാധാരണക്കാർക്ക് പരമാവധി ബാധിക്കാത്ത രീതിയിൽ ഹമാസ് അനുയായികളെ മാത്രം ലക്ഷ്യമിട്ടാണ് കൃത്യതയുള്ള തങ്ങളുടെ ആക്രമണം എന്നായിരുന്നു ഇസ്രയേൽ വാദിച്ചിരുന്നത്. നവംബർ 2023 മുതൽ 2024 ഏപ്രിൽ വരെ 8119 മരണങ്ങളാണ് ഐക്യരാഷ്ട്ര സഭ റിപ്പോർട്ട് സ്ഥിരീകരിക്കുന്നത്. മുൻപെങ്ങും സംഭവിക്കാത്ത രീതിയിൽ അന്താരാഷ്ട്രാ നിയമങ്ങളുടെ ലംഘനവും ഇവിടെ സംഭവിച്ചു. യുദ്ധകുറ്റകൃത്യങ്ങളും അതിക്രമങ്ങളും ആശങ്കാപരമായ അവസ്ഥയിലാണ് ഉള്ളതെന്നുമാണ് ഐക്യരാഷ്ട്ര സംഘടന റിപ്പോർട്ട് വിശദമാക്കുന്നത്.
ഹമാസിനെതിരെ ഇസ്രയേൽ ഉപയോഗിച്ച ആയുധങ്ങളുടെ സ്വഭാവമാണ് ഇത്രയധികം ആൾനാശത്തിന് കാരണമായതെന്നും ഐക്യരാഷ്ട്രസഭ വിശദമാക്കുന്നു. വലിയ ചുറ്റവിലുള്ള ആളുകളെ ബാധിക്കുന്ന രീതിയിലുള്ള ആളുകളേയും കെട്ടിടങ്ങളേയും തകർക്കാൻ മാത്രം പ്രഹരശേഷിയുള്ള ആയുധങ്ങളാണ് ഈ അവസ്ഥയ്ക്ക് കാരണമായതെന്നും ഐക്യരാഷ്ട്രസഭ വിശദമാക്കുന്നുവെന്നാണ് ബിബിസി റിപ്പോർട്ട്. ചിലയിടങ്ങളിൽ ഹമാസ് പ്രയോഗിച്ച ആയുധങ്ങളും ആൾനാശത്തിന് കാരണമായിട്ടുണ്ടെന്നും ഐക്യരാഷ്ട്രസഭ കൂട്ടിച്ചേർക്കുന്നു.