നടൻ ജോജു ജോർജ് ആദ്യമായി സംവിധാന ചെയ്ത ചിത്രമാണ് പണി. ചിത്രത്തിലെ വില്ലൻമാരായി എത്തിയത് ടി.വി ഷോ ആയ ബിഗ് ബോസിലൂടെ ജനഹൃദയം കീഴടക്കിയ സാഗർ സൂര്യയും ജുനൈസുമാണ്. സിനിമ പുറത്തിറങ്ങിയതിന് പിന്നാലെ റിവ്യു വിവാദം കത്തി നിന്നെങ്കിലും സിനിമയിൽ വില്ലൻമാരയും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. വിദ്വേഷം പരത്തുന്ന കഥാപാത്രങ്ങളാണെങ്കിലും ഡോണിനെയും സിജുവിനെയും ജനങ്ങൾ ഏറ്റെടുത്തു എന്ന അടിക്കുറിപ്പോടെ ദി ഹിന്ദുവിൽ വന്ന ലേഖനം സോഷ്യൽ മീഡിയയിൽ പങ്കുവെക്കുകയാണ് സാഗർ സൂര്യ.
അഭിനയിച്ച് തഴക്കം വന്ന നടനെപ്പോലെയാണ് സാഗർ സൂര്യ ‘പണി’യിലെ ഡോൺ സെബാസ്റ്റ്യൻ എന്ന കഥാപാത്രത്തെ സ്ക്രീനിൽ അവതരിപ്പിച്ചത്. ‘തട്ടീം മുട്ടീം’ എന്ന ടെലിവിഷൻ പരമ്പരയിലൂടെ അഭിനയരംഗത്തെത്തി പൃഥ്വിരാജിന്റെ കുരുതിയിലെ അഭിനയത്തോടെ തന്നെ സാഗർ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇത്രയും വെറുക്കപ്പെട്ട ഒരു വില്ലനെ അടുത്തകാലത്തൊന്നും കണ്ടിട്ടില്ല എന്ന സിനിമ കണ്ടിറങ്ങിയ പ്രേക്ഷകരുടെ അഭിപ്രായം സാഗറിന്റെ വിജയമാണ്. റീൽസ് താരമായി സിനിമയിൽ എത്തിയ ജുനൈസും അഭിനയത്തിൽ ഒട്ടും പിന്നിലായിരുന്നില്ല. ആദ്യ സിനിമയാണെന്ന് തോന്നിക്കാത്ത വിധം ഗംഭീര പെർഫോർമെൻസാണ് ജുനൈസും കാഴ്ചവെച്ചത്.