Food

ഒരു കിടിലൻ ചമ്മന്തി ; ഇതുമാത്രമുണ്ടെങ്കിൽ ഒരുപറ ചോറുണ്ണും

ചോറിനൊപ്പം കറിയൊന്നും ഇല്ലെങ്കിൽ വിഷമിക്കണ്ട. ഒരു സൂപ്പർ ചമ്മന്തിയുണ്ട്. ഇത് ചോറിനൊപ്പം കുഴച്ചുകഴിച്ചാൽ പിന്നെ വേറെ കറികളൊന്നും വേണ്ട. ഒരിക്കൽ കഴിച്ച് പിന്നീട് ഈ ചമ്മന്തിയെക്കുറിച്ച് ആലോചിക്കുമ്പോൾ തന്നെ വായിൽ വെള്ളമൂറും. ഒരു പാനിലേക്ക് വെളിച്ചെണ്ണ ഒഴിച്ച് അത് ചൂടായി വരുമ്പോൾ അൽപം കടുക് പൊട്ടിക്കുക. കടുക് പൊട്ടിവരുമ്പോൾ അതിലേക്ക് വറ്റൽമുളക് മുറിച്ചിട്ട് വഴറ്റുക. നാലോ അ‍ഞ്ചോ അല്ലി വെളുത്തുള്ളി കൂടി ചേർത്ത് മൂപ്പിച്ചെടുക്കുക. ഇതിലേക്ക് അരിഞ്ഞുവെച്ച ഒരു സവാളകൂടി ചേർത്ത് നന്നായി വഴറ്റിയെടുക്കുക. സവാളയുടെ നിറം മാറിവരുമ്പോൾ അതിലേക്ക് ചെറിയൊരു കഷ്ണം പുളികൂടി ചേർത്ത് ഇളക്കുക. ശേഷം ആവശ്യത്തിന് ഉപ്പും കുരുമുളകുപൊടി കൂടി ചേർക്കുക. ഇതിലേക്ക് അൽപം കറിവേപ്പിലയും മല്ലിഇലയും ചേർത്ത് ഒരു മിനിറ്റ് ഇളക്കിയെടുക്കുക. തീ ഓഫ് ചെയ്ത് ചൂടാറിയ ശേഷം മിക്സിയുടെ ജാറിലിട്ട് ചെറുതായി ചതച്ചെടുക്കുക. അൽപം വെളിച്ചെണ്ണകൂടി ചേർത്ത് ഇളക്കി ചോറിനൊപ്പം കഴിച്ചാൽ സൂപ്പറാണ്.