എബിസി ജ്യൂസിന് പ്രധാനമായും മൂന്ന് ചേരുവകളാണ് വേണ്ടത്. ആപ്പിൾ, ബീറ്റ്റൂട്ട്, കാരറ്റ് എന്നിവ. ഇവയുടെ മൂന്നിന്റെയും പേരിന്റെ ആദ്യ അക്ഷരങ്ങൾ ചേർത്തുവെച്ചാണ് എബിസി ജ്യൂസ് എന്ന പേരുവന്നത്. ഒരു ആപ്പിൾ, ഒരു ബീറ്റ്റൂട്ടിന്റെ പകുതി, ഒരു കാരറ്റ് എന്നിവ തൊലികളഞ്ഞ് മുറിച്ചെടുക്കുക. എബിസി ജ്യൂസിൽ എപ്പോഴും ബീറ്റ്റൂട്ടിന്റെ രുചിയാണ് മുന്നിട്ട് നിൽക്കുക എന്നതുകൊണ്ടുതന്നെ പലർക്കും ഈ രുചി അത്ര ഇഷ്ടപ്പെടാറില്ല അതിനാലാണ് പകുതി എടുക്കുന്നത്. മുറിച്ചെടുത്ത ആപ്പിളും കാരറ്റും ബീറ്റ്റൂട്ടും മിക്സിയിലിട്ട് നന്നായി അരച്ചെടുക്കുക. ജ്യൂസിന് ആവശ്യമായ മധുരം ആപ്പിളിൽ തന്നെ ഉള്ളതിനാൽ അധികമായി പഞ്ചസാര ചേർക്കേണ്ടതില്ല. ഇതിലേക്ക് മൂന്ന് ടേബിൾ സ്പൂൺ തേൻ ഒഴിക്കുക. ഇതൊരു ഹെൽത്തി ജ്യൂസ് ആയതിനാൽ തന്നെ പഞ്ചസാര ഒഴിവാക്കുന്നതാണ് നല്ലത്. ഒരു കപ്പ് വെള്ളം കൂടി ചേർത്താണ് അരക്കേണ്ടത്. തണുപ്പ് വേണം എന്നുണ്ടെങ്കിൽ തണുത്ത വെള്ളം ഒഴിക്കുക. എബിസി ജ്യൂസിൽ ധാരാളം വിറ്റാമിൻ എ, വിറ്റാമിൻ സി എന്നിവ അടങ്ങിയിട്ടുണ്ട്. ശരീരത്തിന്റെ യുവത്വം നിലനിർത്താൻ എബിസി ജ്യൂസ് ഏറെ ഗുണം ചെയ്യും.