പ്രായപൂർത്തിയായ ഒരു വ്യക്തി രണ്ട് മുതൽ മൂന്ന് ലിറ്റർ വെള്ളം പ്രതിദിനം കുടിക്കണമെന്ന കണക്ക് ഡോക്ടർമാർ പറയുന്നത് വെറുതെയല്ല. മനുഷ്യശരീരത്തിന്റെ സുഗമമായ പ്രവർത്തനത്തിന് ജലം അത്യന്താപേക്ഷിതമാണ്. മനുഷ്യശരീരത്തിൽ എഴുപത് ശതമാനവും ജലമാണ് ഉള്ളത്.
- ശരീരത്തിലെ ദഹന പ്രക്രിയയും ഹോർമോൺ പ്രവർത്തനങ്ങളും നടക്കുന്നതിന് ശുദ്ധജലം ഒഴിച്ചുകൂടാൻ പറ്റാത്ത ഘടകമാണ്.
- അവയവങ്ങളുടേയും പേശികളുടേയും സുഗമമായ പ്രവർത്തനത്തിന് ജലം ഒഴിവാക്കാനാവില്ല.
- ഒന്നോ രണ്ടോ ഗ്ലാസ്സ് വെള്ളം അതിരാവിലെ എല്ലാ ദിവസവും കുടിക്കുന്നത് ആരോഗ്യ സംരക്ഷണത്തിന് ഏറെ ഉത്തമമാണ്.
- അതിരാവിലെ വെറുംവയറ്റിൽ വെള്ളം കുടിക്കുന്നത് ദഹനപ്രക്രിയയെ സുഗമമാക്കും.
- ധാരാളം വെള്ളം കുടിക്കുന്നത് കുടലിന്റെ ചലനങ്ങൾ സുഗമമാക്കും. ഇത് മലബന്ധ പ്രശ്നങ്ങളെ ഒഴിവാക്കും.
- വെറും വയറ്റിൽ വെള്ളം കുടിക്കുന്നത് മൂത്രാശയ അണുബാധയ്ക്ക് സാധ്യത കുറയ്ക്കും.
- മൂത്രാശയത്തിലും കിഡ്നിയിലും കല്ലുണ്ടാവുന്നത് തടയാനും ചെറിയ കല്ലുകളെ ഇല്ലാതാക്കാനും വെറും വയറ്റിൽ വെള്ളം കുടിക്കുന്നതിലൂടെ സാധിക്കും.
- തിളക്കമുള്ള ചർമ്മം ലഭിക്കുന്നതിനുള്ള മികച്ചൊരു മാർഗമാണ് ധാരാളം വെള്ളം കുടിക്കുക എന്നുള്ളത്.
- ശരീരത്തിൽ നിന്ന് വിഷവസ്തുക്കളെ നീക്കം ചെയ്യാൻ വെള്ളം കുടി സഹായിക്കുന്നു.
ദിവസവും രാവിലെ വെള്ളം കുടിക്കുന്നത് വഴി മാനസികാരോഗ്യം വർദ്ധിപ്പിക്കാൻ സാധിക്കുമെന്ന് ഗവേഷണങ്ങൾ തെളിയിക്കുന്നു. ശരീരത്തിൽ നിർജ്ജലീകരണം സംഭവിക്കുമ്പോൾ തലച്ചോറുമായി ബന്ധപ്പെട്ട ജാഗ്രത, ഏകാഗ്രത എന്നിവയെയും ബാധിക്കാം.
തലവേദന ഉണ്ടാവുന്നതിനുള്ള പ്രധാന കാരണങ്ങളിലൊന്ന് നിർജലീകരണമാണ്. ധാരാളം വെള്ളം കുടിക്കുന്നതിലൂടെ തലവേദന ഒരു പരിധി വരെ ഒഴിവാക്കാം.
വെള്ളം എത്രത്തോളം കുടിക്കുന്നുവോ ശരീരത്തിന് അത്രത്തോളം നല്ലതാണ്.
ശ്രദ്ധിക്കേണ്ട ചിലതുണ്ട്
- രാവിലെ വെറും വയറ്റിൽ വെള്ളം കുടിക്കുന്നത് ഒരു ശീലമാക്കുക. എന്നാൽ രാവിലെ തന്നെയുള്ള അമിത ജലപാനം പാടില്ല. 1-2 ഗ്ലാസ്സ് വെള്ളം രാവിലെ മതിയാവും.
- ശരീരത്തിന്റെ ആവശ്യത്തിലധികം വെള്ളം കുടിക്കുന്നത് വൃക്കകൾക്ക് അമിത അധ്വാനം നൽകും. കിഡ്നി രോഗങ്ങളുള്ള വ്യക്തിക്കും വെള്ളം കുടിക്കുന്നതിന് നിയന്ത്രണമുണ്ട്.
- വെള്ളം ഓരോ അവയവങ്ങളുടെയും സുഗമമായ പ്രവർത്തനത്തെ സഹായിക്കുന്നു. ദാഹം വരുമ്പോൾ സോഫ്റ്റ് ഡ്രിങ്കോ ജ്യൂസോ കുടിക്കാതെ പകരം ധാരാളം വെള്ളം കുടിക്കാനാണ് ശ്രമിക്കേണ്ടത്.
content highlight: how-to-imrpove-your-health-through-drinking-water