അസ്ഥികളുടെ വളർച്ചയ്ക്കും പരിപാലനത്തിനും ശരീരത്തിന് ആവശ്യമായ ഒന്നാണ് വിറ്റാമിൻ ഡി. എന്നാൽ വിറ്റാമിൻ ഡിയുടെ കുറവ് പല പ്രശ്നങ്ങളിലേക്കും നയിച്ചേക്കാം. അമിതമായ ക്ഷീണം, മടി, ദേഷ്യം കൂടാതെ മൂടി കൊഴിച്ചിൽ തുടങ്ങിയവയൊക്കെ വിറ്റാമിൻ ഡി കുറയുന്നതിന്റെ ലക്ഷണങ്ങളാണ്. സൂര്യപ്രകാശം, ഭക്ഷണം, സപ്ലിമെൻ്റുകൾ എന്നിവയിൽ നിന്നാണ് വിറ്റാമിൻ ഡി ലഭിക്കുന്നത്. വിറ്റാമിൻ ഡി ലഭിക്കാൻ ഈ മാർഗങ്ങളെല്ലാം ഉണ്ടായിരുന്നിട്ടും, വിറ്റാമിൻ ഡിയുടെ കുറവ് പലരിലും ഉണ്ടാകാറുണ്ട്. കുട്ടികൾ, കൗമാരക്കാർ, പ്രായമായവർ തുടങ്ങി ആരെയും വിറ്റാമിൻ ഡി യുടെ കുറവ് ബാധിക്കാം. കൃത്യമായി തിരച്ചറിഞ്ഞ് ഡയറ്റും ചികിത്സയും ആരംഭിക്കുക എന്നതാണ് പരിഹാരമാർഗം.
വിറ്റമിൻ ഡിയുടെ കുറവ് തടയാനുള്ള ഏറ്റവും നല്ല മാർഗം, നിങ്ങളുടെ ഭക്ഷണത്തിലും കൂടാതെ സൂര്യപ്രകാശം വഴിയും ആവശ്യത്തിന് വിറ്റാമിൻ ഡി ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക എന്നതാണ്. എന്നാൽ സൺസ്‌ക്രീൻ ഇല്ലാതെ കൂടുതൽ നേരം വെയിലത്ത് ഇരിക്കാതിരിക്കാനും ശ്രദ്ധിക്കുക. അമിതമായ സൂര്യപ്രകാശം ത്വക്ക് കാൻസറിനുള്ള സാധ്യത വർധിപ്പിക്കുന്നു. ഓരോ ദിവസവും ആവശ്യമായ വിറ്റാമിൻ ഡിയുടെ അളവ് ഓരോരുത്തരുടെയും പ്രായത്തെ ആശ്രയിച്ചിരിക്കുന്നു. സ്വാഭാവികമായും വിറ്റാമിൻ ഡി ഉള്ള ചില ഭക്ഷണങ്ങളുണ്ട്. സാൽമൺ, ട്യൂണ, അയല, മത്തി തുടങ്ങിയ കൊഴുപ്പുള്ള മത്സ്യങ്ങൾ, ബീഫ്, കൂൺ, മുട്ടയുടെ മഞ്ഞക്കരു എന്നിവയെല്ലാം വിറ്റാമിൻ ഡിയുടെ അളവ് കൂട്ടാൻ സഹായിക്കും. പശുവിൻ പാൽ, ബദാം, ഓട്സ്, ഓറഞ്ച് ജ്യൂസ്, തൈര് തുടങ്ങിയവയിലും വിറ്റാമിൻ ഡി അടങ്ങിയിട്ടുണ്ട്. ഇത്രയെല്ലാം നിങ്ങളുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്തിയ ശേഷവും ആവശ്യത്തിന് വിറ്റാമിൻ ഡി ലഭിക്കുന്നതിനെക്കുറിച്ച് നിങ്ങൾക്ക് ആശങ്കയുണ്ടെങ്കിൽ ആരോഗ്യവിദഗ്ധരുടെ സഹായം തേടുക.